കെയ്റോ
ടുണീഷ്യൻ അതിർത്തിയിലെ മരുഭൂമിയിൽ കഴിഞ്ഞ ദിവസങ്ങളിലായി 27 അഭയാർഥികളെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന് ലിബിയൻ അധികൃതർ. ഇവിടേക്ക് ഫോറൻസിക് സംഘത്തെ അയച്ചു. ജീവനോടെ കണ്ടെത്തിയ ആഫ്രിക്കൻ അഭയാർഥികൾക്ക് ചികിത്സ നൽകുന്ന ചിത്രങ്ങളും പുറത്തുവിട്ടു.
മരിച്ചവരെപ്പറ്റി കൂടുതൽ വിവരം പുറത്തുവിട്ടിട്ടില്ല. എന്നാൽ, കടൽവഴിയെത്തുന്ന അഭയാർഥികളെ തടഞ്ഞ് മരുഭൂമിയിലേക്ക് മാറ്റുന്നതായി ടുണീഷ്യൻ അധികൃതർ സമ്മതിച്ചിരുന്നു. മരുഭൂമി കടന്ന് എത്തുന്നവരെ തിരിച്ച് മരുഭൂമിയിലേക്കുതന്നെ അയക്കുന്നതായ ആരോപണവും ശക്തമാണ്. ഇങ്ങനെയുള്ളവരാണ് ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചതെന്നാണ് അഭ്യൂഹം. ടുണീഷ്യയിൽ കറുത്ത വംശജർ കടുത്ത വിവേചനമാണ് നേരിടുന്നത്.