ന്യൂഡൽഹി
ആയുഷ്മാൻ ഭാരത് –-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പിഎംജെഎവൈ) പദ്ധതിയിലെ ഗുരുതര ക്രമക്കേട് ന്യായീകരിച്ച് കേന്ദ്ര സർക്കാർ. ലക്ഷക്കണക്കിന് ആളുകൾ പദ്ധതിയുമായി ബന്ധിപ്പിക്കാൻ നൽകിയത് വ്യാജ ഫോൺനമ്പരുകളാണെന്നത് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ കംപ്ട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ (സിഎജി) റിപ്പോർട്ടിലൂടെ വെളിപ്പെട്ടിരുന്നു.
ഗുണഭോക്താക്കളെ തീരുമാനിക്കുന്നതിൽ മൊബൈൽ നമ്പരുകൾ ഒരുപങ്കും വഹിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. പ്രതികരണം ആരായാനും മറ്റുമാണ് ഫോൺ നമ്പർ ഉപയോഗിക്കുന്നതെന്നും അതിൽ കൂടുതൽ പ്രസക്തി അതിനില്ലെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഗുണഭോക്താക്കളുടെ ഡാറ്റാ ബേസുമായി ബന്ധിപ്പിക്കാൻ 7.5 ലക്ഷം ആളുകൾ നൽകിയത് ‘9999999999’ എന്ന നമ്പരായിരുന്നു. 1.4 ലക്ഷം പേർ ‘8888888888’ എന്ന നമ്പരും നൽകി.
പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ തട്ടിപ്പുകൾ നടക്കുന്നതിന്റെ തെളിവാണ് വ്യാജ ഫോൺനമ്പരുകളെന്ന ആക്ഷേപം ശക്തമാണ്. ഈ സാഹചര്യത്തിലാണ്, ഫോൺ നമ്പർ തിരിമറി ന്യായീകരിച്ച് ആരോഗ്യമന്ത്രാലയം രംഗത്തെത്തിയത്. വ്യാജ ഫോൺ നമ്പരുകൾക്ക് പുറമേ മരിച്ചവർക്ക് ചികിത്സാസഹായം വിതരണം ചെയ്തതായും സിഎജി കണ്ടെത്തി. വിവിധ സംസ്ഥാനങ്ങളിൽ മരിച്ച മൂവായിരത്തിലധികം ആളുകളുടെ പേരിൽ ചികിത്സാസഹായം വിതരണം ചെയ്തതായി സിഎജി റിപ്പോർട്ടിലുണ്ട്.
യോഗ്യതയില്ലാത്ത നിരവധി കുടുംബം പിഎംജെഎവൈ കാർഡുകൾ കൈപ്പറ്റി ചികിത്സ നേടുന്നതായും റിപ്പോർട്ടിലുണ്ട്. കുടുംബത്തിൽ ആർക്കെങ്കിലും സർക്കാർ ജോലി ഉണ്ടെങ്കിൽ ആ കുടുംബത്തിൽ നിന്നുള്ളവരെ ഗുണഭോക്താക്കളുടെ പട്ടികയിൽനിന്നും ഒഴിവാക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ, ഈ വ്യവസ്ഥ പാലിക്കാതെ പല സംസ്ഥാനങ്ങളിലും സർക്കാർ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഗുണഭോക്താക്കളായി തുടരുന്നുണ്ട്.