ന്യൂഡൽഹി
ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടലിനെയും അതിന്റെ സ്ഥാപകരെയും ലക്ഷ്യമിട്ട് നടക്കുന്ന കുപ്രചാരണത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് മാധ്യമപ്രവർത്തക സംഘടനകൾ. അയൽരാജ്യത്തിന്റെ ജിഹ്വയായി ന്യൂസ് ക്ലിക്ക് നിലകൊള്ളുന്നെന്ന ചില മുതിർന്ന നേതാക്കളുടെ ആരോപണം അനാവശ്യവും അപലപനീയവുമാണ്.
മറ്റു പല മാധ്യമങ്ങളെയുംപോലെ ന്യൂസ് ക്ലിക്ക് സർക്കാരിനെ വിമർശിക്കുന്നുണ്ട്. ഇതിന്റെ അർഥം അവർ രാജ്യദ്രോഹികളാണെന്നോ ഏതെങ്കിലും വിദേശരാജ്യത്തിന്റെ ഉപകരണമാണെന്നോ അല്ല–- സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രസിഡന്റ് ഉമാകാന്ത് ലഖേര, ഇന്ത്യൻ വിമൻസ് പ്രസ് കോർപ് പ്രസിഡന്റ് ശോഭന ജെയിൻ, പ്രസ് അസോസിയേഷൻ പ്രസിഡന്റ് സി കെ നായക്, ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് പ്രസിഡന്റ് സുജാത മധോക് എന്നിവരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.
സർക്കാരിന്റെയോ കോർപറേറ്റുകളുടെയോ സമ്മർദത്തിനു വഴങ്ങാതെ പ്രവർത്തിക്കുന്ന മാധ്യമങ്ങൾ സചേതനമായ ജനാധിപത്യപ്രകിയക്ക് അനിവാര്യമാണ്. സ്വതന്ത്ര മാധ്യമങ്ങൾ ജനാധിപത്യത്തിൽ പ്രധാനപ്പെട്ടതാണ്. എല്ലാ വെബ് പോർട്ടലുകൾക്കും ഫണ്ട് നൽകുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.