തിരുവനന്തപുരം
പൊലീസ് സ്റ്റേഷനിലോ ലോക്കപ്പിലോ ബലപ്രയോഗവും മർദനരീതികളും ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉണ്ടായാൽ ശക്തമായ നടപടിയുണ്ടാകും. കസ്റ്റഡിയിലും ലോക്കപ്പിലും മരണമുണ്ടായാൽ കേസന്വേഷണം സിബിഐയെ ഏൽപ്പിക്കും. താനൂരിൽ താമിർ ജിഫ്രിയുടെ കസ്റ്റഡി മരണത്തിലും ഈ സമീപനമാണ് സർക്കാരെടുത്തതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ അവതരണ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
താനൂർ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സിബിഐയ്ക്ക് പുറമെ മജിസ്റ്റീരിയൽ അന്വേഷണവും നടത്തും. തെറ്റ് ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. 27 ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പുറത്താക്കി. സംസ്ഥാന ചരിത്രത്തിലെ സമാനതകളില്ലാത്ത നടപടിയാണിത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 13 കസ്റ്റഡിമരണമുണ്ടായി. അഞ്ച് കേസിൽ ഒരാൾക്കെതിരെയും നടപടിയുണ്ടായില്ല. ഇതല്ല ഇപ്പോഴത്തെ സർക്കാരിന്റെ നിലപാട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി അഭിമാനകരമായ പ്രവർത്തനമാണ് കേരള പൊലീസ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യാഴാഴ്ച അവതരിപ്പിച്ച ആറു ബില്ലുകളും സബ്ജക്ട് കമ്മിറ്റിയ്ക്ക് വിട്ട് സഭ താൽക്കാലികമായി പിരിഞ്ഞു. സെപ്തംബർ 11 മുതൽ 14 വരെ വീണ്ടും ചേരും.