ചെന്നൈ > ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പതിനൊന്നാം അഖിലേന്ത്യാ സമ്മേളനം 2023 ആഗസ്ത് 12 മുതൽ 14 വരെ ചെന്നൈയിൽ ബികെഎൻഎംപിഎച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. 12 ന് രാവിലെ 9 മണിക്ക് റാലിയോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ ബെഫി അഖിലേന്ത്യാ പ്രസിഡന്റ് സി ജെ നന്ദകുമാർ പതാക ഉയർത്തും.
11 മണിക്ക് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബെഫി അഖിലേന്ത്യാ പ്രസിഡന്റ് സി ജെ നന്ദകുമാർ അധ്യക്ഷനാകും. സംഘാടക സമിതി ചെയർമാൻ ടി കെ രംഗരാജൻ സ്വാഗതം ആശംസിക്കും. 13 രാവിലെ 10ന് ആരംഭിക്കുന്ന വനിതാ സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. 14 ന് സിഐടിയു സെക്രട്ടറി ആർ കരുമാലയൻ ആശിഷ് സെൻ ശതാബ്ദി പ്രഭാഷണം നടത്തും. ബാങ്കുകളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്നതാണ് സമ്മേളന മുദ്രാവാക്യം.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പൊതുമേഖലാ, സ്വകാര്യ, ഗ്രാമീണ, സഹകരണ ബാങ്കുകളിലെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നബാർഡ് എന്നിവയിലെയും പ്രതിനിധികൾ മൂന്ന് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുക. ബെഫി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ദേബാശിഷ് ബസു ചൗധുരി സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ബാങ്കിംഗ് മേഖലയിലെയും ഇതര മേഖലകളിലെയും ട്രേഡ് യൂണിയൻ നേതാക്കളും വർഗ ബഹുജന സംഘടനാ നേതാക്കളും വിവിധ സെഷനുകളിൽ സംസാരിക്കും.
ഇന്ത്യ സാമ്പത്തിക മേഖല പൊതുവെയും ബാങ്കിംഗ് മേഖല പ്രത്യേകിച്ചും നേരിടുന്ന വെല്ലുവിളികൾ സമ്മേളനം ചർച്ച ചെയ്യും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ശേഷം 14 ന് സമ്മേളനം സമാപിക്കും.