ഗ്രെറ്റ ഗെർവിഗ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ‘ബാർബി’യുടെ പ്രദർശനം നിരോധിച്ച് കുവൈത്തും ലെബനനും. കുവൈത്ത് സമൂഹത്തിനും പൊതു ക്രമത്തിനും അന്യമായ ആശയങ്ങളും വിശ്വാസങ്ങളും പ്രചരിപ്പിക്കുന്നതിനാലാണ് ബാർബി നിരോധിക്കുന്നതെന്ന് കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ സിനിമാറ്റിക് സെൻസർഷിപ്പ് കമ്മിറ്റി അറിയിച്ചു. ടോക്ക് ടു മി എന്ന ചിത്രത്തിന്റെ പ്രദർശനവും കുവൈത്തിൽ നിരോധിച്ചിട്ടുണ്ട്. സമൂഹത്തിന്റെ നിലവിലുള്ള മൂല്യങ്ങളെ വളച്ചൊടിക്കുന്ന തരം തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനാൽ രണ്ട് ചിത്രങ്ങളും നിരോധിക്കുകയാണെന്ന് പ്രസ് ആൻഡ് പബ്ലിക്കേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറി ലാഫി അൽ സുബെയ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
സ്വവർഗലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണത്താലാണ് ലെബനനിൻ ബാർബിയെ നിരോധിച്ചത്. ബാർബി സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും വിശ്വാസത്തിന്റെയും ധാർമ്മിക മൂല്യങ്ങൾക്കും വിരുദ്ധമാണെന്നും ലബനൻ സാംസ്കാരിക മന്ത്രി മുഹമ്മദ് മൊർതഡ പ്രതികരിച്ചിരുന്നു.
ജൂലൈ 21നാണ് വാർണർ ബ്രോസിന്റെ നിർമാണത്തിൽ ഗ്രെറ്റ ഗെർവിഗ് സംവിധാനം ചെയ്ത ബാർബി തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസിൽ അതിവേഗം ഒരു ബില്യൺ കലക്ഷൻ നേടി തരംഗമാവുകയാണ് സിനിമ. മാർഗോട്ട് റോബി, റയാൻ ഗോസ്ലിങ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.