നൂഹ് > ഹരിയാനയിലെ വർഗീയ കലാപം ആസൂത്രിതമാണെന്ന് എ എ റഹിം എംപി. വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ട ഹരിയാനയിൽ ഇടത് പ്രതിനിധി സംഘം നടത്തിയ സന്ദർശനത്തിനിടെയായിരുന്നു റഹിം എം പിയുടെ വാക്കുകൾ. ഭരണകൂടത്തിന്റെ അറിവോടെയുള്ള ആക്രമണമാണ് ഇതെന്നും മുസ്ലിം വിഭാഗങ്ങൾക്ക് നേരേ ആസൂത്രിതമായി ആക്രമണം നടത്തുകയാണെന്നും എംപി പറഞ്ഞു.
“കരൾപിളർക്കുന്ന കാഴ്ചകളാണ് ഹരിയാനയിലെ നൂഹ് ജില്ലയിൽ. ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം എന്ന് ലഘൂകരിച്ചു പറയാൻ കഴിയാത്ത കാഴ്ചകൾ, അനുഭവങ്ങൾ. വളരെക്കാലമായി,കലാപം ലക്ഷ്യംവച്ചുള്ള വിദ്വേഷപ്രചരണം സംഘപരിവാർ അഴിച്ചുവിട്ടിരുന്നു. ആസൂത്രിതമായിരുന്നു ഈ കലാപം. കലാപത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ ജില്ലാഭരണകൂടം ബുൾഡോസറുകളുമായി എത്തി,നിരപരാധികളായ മുസ്ലിങ്ങളുടെ സ്വത്തുവകകൾ ഇടിച്ചുനിരത്തി’ – എം പി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഹരിയാനയിലെ മുസ്ലിം വിഭാഗം അങ്ങേയറ്റം ഭയപ്പാടിലാണെന്നും തകർക്കപ്പെട്ട മസ്ജിദ് സന്ദർശിക്കുവാൻ പൊലീസ് അനുവദിച്ചില്ലെന്നും സർക്കാർ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും എംപി കൂട്ടിച്ചേർത്തു. സിപിഐഎം പോളിറ്റ് ബ്യുറോ അംഗം നീലോത്പൽ ബസു, വി ശിവദാസൻ എംപി, എ എ റഹിം എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് കലാപബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നത്.