മുംബൈ> പലിശനിരക്കിൽ തുടർച്ചയായ മൂന്നാം തവണയും മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണ അവലോകന യോഗം. ഇതോടെ റിപ്പോ നിരക്ക് 6.5 ശതമാനമായിത്തന്നെ തുടരും.
കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ തുടര്‍ച്ചയായി ആറു തവണ വര്‍ധിപ്പിച്ച റിപ്പൊ നിരക്ക് ഏപ്രില്‍ മുതല്‍ മാറ്റമില്ലാതെ തുടരുകയാണ്. 250 അടിസ്ഥാന പോയിന്റുകളാണ് ആറു തവണയായി പലിശ നിരക്കു കൂട്ടിയത്.
പണപ്പെരുപ്പത്തിന്റെ കാര്യത്തിൽ, ആർബിഐ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള പണപ്പെരുപ്പ നിരക്ക് നേരത്തെ പ്രവചിച്ചിരുന്ന 5.1 ശതമാനത്തിൽ നിന്ന് 5.4 ശതമാനമായി ഉയർത്തി. പണപ്പെരുപ്പത്തെ 4 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പണപെരുപ്പം പിടിച്ചു നിര്‍ത്തുന്നതിനുള്ള നടപടികള്‍ക്കായി വിപണിയെ സസൂക്ഷ്മം വീക്ഷിക്കുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.