ന്യൂഡൽഹി
ഹരിയാനയിൽ കലാപത്തിന് വഴിയൊരുക്കിയ ബ്രജ്മണ്ഡൽ ജലാഭിഷേക് യാത്ര പുനരാരംഭിക്കുമെന്ന് സംഘപരിവാർ സംഘടനയായ വിഎച്ച്പി പ്രഖ്യാപിച്ചു. കലാപമുണ്ടായ നൂഹിൽത്തന്നെ യാത്ര പുനരാരംഭിക്കുമെന്നും ആഗസ്ത് 31ന് മുമ്പായി പൂർത്തീകരിക്കുമെന്നും വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസൽ അറിയിച്ചു. നൂഹിലെ നൽഹറിൽ യാത്ര എത്തിയപ്പോഴാണ് ജൂലൈ 31ന് അക്രമസംഭവങ്ങളുണ്ടായത്.
ബിജെപി സംഘത്തിന്
മാത്രം പ്രവേശനാനുമതി
നിരോധനാജ്ഞയുടെ പേരുപറഞ്ഞ് പ്രതിപക്ഷ പാർടികളുടെ പ്രതിനിധി സംഘങ്ങൾക്ക് നൂഹിലേക്ക് പ്രവേശനാനുമതി നിഷേധിച്ച ഹരിയാന പൊലീസ് ബിജെപി പ്രതിനിധി സംഘത്തിന് അനുമതി നൽകി. ബിജെപി സംസ്ഥാന പ്രസിഡന്റ് ഓംപ്രകാശ് ധൻഖറുടെ നേതൃത്വത്തിലുള്ള സംഘം ഉന്നത സർക്കാർ–-പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പ്രതിപക്ഷ പാർടികളുടെ രണ്ട് പ്രതിനിധി സംഘങ്ങളെ നൂഹിലേക്ക് കടക്കുന്നതിൽനിന്ന് പൊലീസ് വിലക്കിയിരുന്നു.