ന്യൂഡൽഹി
മണിപ്പുർ കലാപത്തിൽ കൊല്ലപ്പെട്ട കുക്കി വിഭാഗക്കാരുടെ മൃതദേഹങ്ങൾ ബിഷ്ണുപുർ–- ചുരാചന്ദ്പുർ ജില്ലാ അതിർത്തിയിലെ തർക്കപ്രദേശത്ത് സംസ്കരിക്കാനുള്ള നീക്കത്തിൽനിന്ന് പിന്തിരിയണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ തദ്ദേശീയ ഗോത്രനേതൃവേദി (ഐടിഎൽഎഫ്) പ്രതിനിധികളോട് അഭ്യർഥിച്ചു.
ബിഷ്ണുപുർ–- ചുരാചന്ദ്പുർ ജില്ലയുടെ അതിർത്തിയിൽവരുന്ന തോർബുങ്ങിലെ സർക്കാർ ഭൂമിയിലാണ് കുക്കി വിഭാഗക്കാർ സംസ്കാരം തീരുമാനിച്ചിരുന്നത്. കുക്കികളും മെയ്ത്തീകളും ഒരേപോലെ അവകാശം ഉന്നയിക്കുന്ന സ്ഥലമാണ് ഇത്. സംസ്കാരനീക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ മണിപ്പുർ ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരുന്നു. കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ ഇടപെട്ട് പ്രശ്നപരിഹാരത്തിനായി ശ്രമിക്കണമെന്നും കോടതി നിർദേശിച്ചു.















