ന്യൂഡൽഹി
മൂന്നുമാസമായി തുടരുന്ന മണിപ്പുർ കലാപവിഷയത്തിൽ കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിഷ്ക്രിയത്വവും കള്ളക്കളിയും തുറന്നുകാട്ടി പ്രതിപക്ഷം. എന്തുകൊണ്ട് പ്രധാനമന്ത്രി ഇതുവരെ മണിപ്പുർ സന്ദർശിച്ചില്ലെന്ന് ലോക്സഭയിൽ അവിശ്വാസപ്രമേയ ചർച്ചയുടെ ആദ്യദിനത്തില് പ്രതിപക്ഷം ആരാഞ്ഞു.
രാജ്യം കത്തുമ്പോൾ പ്രധാനമന്ത്രി വിദേശത്തുപോയി സമാധാനത്തെക്കുറിച്ച് പ്രസംഗം നടത്തുകയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മണിപ്പുരിന്റെ കാര്യത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ മൗനവ്രതം തുടരുന്ന സാഹചര്യത്തിലാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നതെന്ന് ചർച്ച തുടങ്ങിവച്ച ഗൗരവ് ഗൊഗോയ് (കോൺഗ്രസ്) പറഞ്ഞു. ചർച്ച ബുധനാഴ്ചയും തുടരും. മൊത്തം 12 മണിക്കൂർ ചർച്ചയിൽ ആറ് മണിക്കൂറും ബിജെപിക്കാണ് അനുവദിച്ചിട്ടുള്ളത്.
ലോക്സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയുടെ ആദ്യനാളിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് വസ്തുതാപരമായ മറുപടി നൽകാൻ ഭരണപക്ഷത്തിന് കഴിഞ്ഞില്ല. മണിപ്പുർ ക്രമസമാധാനപാലനം സുപ്രീംകോടതി ഏറ്റെടുത്തതോടെ ലജ്ജയുണ്ടെങ്കിൽ മോദിയും അമിത് ഷായും രാജിവയ്ക്കണമെന്ന് എ എം ആരിഫ് (സിപിഐ എം) പറഞ്ഞു. ഹൃദയശൂന്യരുടെ സർക്കാരാണ് കേന്ദ്രത്തിലെന്നും അതുകൊണ്ടാണ് മണിപ്പുരിലേക്ക് പ്രതിനിധിസംഘത്തെ അയക്കാത്തതെന്നും സൗഗത റോയ് (ടിഎംസി) പറഞ്ഞു.
കേന്ദ്രസർക്കാർ 70 ദിവസം പ്രതികരിച്ചില്ലെന്ന് അരവിന്ദ് സാവന്ത് (ശിവസേന–- ഉദ്ധവ്) പറഞ്ഞു. ലോകം മുഴുവൻ കലാപത്തെ അപലപിച്ചിട്ടും അധികാരത്തിലുള്ളവർ ‘രാജധർമം’ പാലിക്കാൻ തയ്യാറാകുന്നില്ലെന്ന് ടി ആർ ബാലു (ഡിഎംകെ) ചൂണ്ടിക്കാട്ടി. ബിജെപി വാഗ്ദാനം ചെയ്ത ‘അച്ഛേ ദിൻ’ എവിടെയെന്ന് സുപ്രിയ സുലെ (എൻസിപി) ചോദിച്ചു. മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെ ഉടൻ മാറ്റണമെന്നും കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ മണിപ്പുരിലേക്ക് സംഘത്തെ അയക്കണമെന്നും എൻ കെ പ്രേമചന്ദ്രൻ (ആർഎസ്പി) ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയായി മോദി വന്നശേഷം ഇന്ത്യ ഏഴ് ഒളിംപിക് മെഡൽ നേടിയെന്ന് ചർച്ചയിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ബിജെഡി അംഗം പിനാകി മിശ്രയും അവിശ്വാസ പ്രമേയത്തെ എതിർത്തു.