കേരള സംസ്ഥാനം നിലവിൽ വന്നശേഷം നടക്കുന്ന അമ്പതാമത്തെ ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്. 53 വർഷം മണ്ഡലത്തെ പ്രതിനിധാനം ചെയ്ത ഉമ്മൻചാണ്ടിയുടെ മരണത്തെതുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. ഒരു മണ്ഡലത്തിൽ ഒഴിവ് വന്നശേഷം ഇത്രയുംവേഗം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് കേരളത്തിൽ ഇത് ആദ്യമാണ്.
1958ൽ ദേവികുളം മണ്ഡലത്തിലായിരുന്നു ആദ്യ ഉപതെരഞ്ഞെടുപ്പ്. ദേവികുളം ദ്വയാംഗ മണ്ഡലത്തിലെ 1957ലെ തെരഞ്ഞെടുപ്പ് ട്രിബ്യൂണൽ റദ്ദാക്കിയതിനാലായിരുന്നു ഇത്. 1957ൽ സിപിഐ സ്ഥാനാർഥിയായി വിജയിച്ച റോസമ്മ പുന്നൂസ് ഉപതെരഞ്ഞെടുപ്പിലും ജയം ആവർത്തിച്ചു. ഏറ്റവും കൂടുതൽ ഉപതെരഞ്ഞെടുപ്പ് നടന്നത് 2019ലാണ്. രണ്ടു ഘട്ടത്തിലായി ആറു മണ്ഡലത്തിൽ. കെ എം മാണിയുടെ മരണത്തെതുടർന്ന് ഒഴിവ് വന്ന പാലാ സീറ്റിൽ സെപ്തംബറിൽ തെരഞ്ഞെടുപ്പ് നടന്നു. സീറ്റ് യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ഒക്ടോബറിൽ മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. മഞ്ചേശ്വരത്ത് സിറ്റിങ് എംഎൽഎ പി ബി അബ്ദുൾ റസാഖിന്റെ മരണത്തെതുടർന്നും മറ്റു നാലിടങ്ങളിൽ എംഎൽഎമാർ ലോക്സഭയിലേക്ക് ജയിച്ചതിനെത്തുടർന്നുമായിരുന്നു. അഞ്ചിൽ രണ്ട് സീറ്റ് എൽഡിഎഫ് യുഡിഎഫിൽനിന്ന് പിടിച്ചെടുത്തു. 1998, 1979 വർഷങ്ങളിലും നാലു മണ്ഡലത്തിൽവീതം ഉപതെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. അവസാനമായി സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് 2022 മെയ് 31ന് എറണാകുളം ജില്ലയിലെ തൃക്കാക്കരയിലായിരുന്നു.