ന്യൂഡൽഹി
ഹരിയാനയിലെ നൂഹ്, ഗുരുഗ്രാം എന്നിവിടങ്ങളിലെ സംഘർഷങ്ങള്ക്ക് പിന്നാലെ മുസ്ലിങ്ങളെ സാമൂഹികമായും സാമ്പത്തികമായും ഒറ്റപ്പെടുത്തണമെന്ന് പ്രചാരണം നടത്തുന്നവര്ക്കെതിരെ കർശനനടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വിവിധ സംഘടനകളാണ് ഹർജി സമർപ്പിച്ചത്. ചൊവ്വാഴ്ച ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽസിബൽ ചീഫ്ജസ്റ്റിസിന്റെ ബെഞ്ച് മുമ്പാകെ വിഷയം ഉന്നയിച്ചു.
ഗുരുഗ്രാമിൽ മുസ്ലിമുകളെ കടകളിൽ ജോലിക്ക് നിർത്തുന്നവർ വഞ്ചകരാണെന്ന രീതിയിൽ പ്രചാരണമുണ്ട്. ഹരിയാനയിലെ ഹിസാറിൽ സംഹസ്ത് ഹിന്ദുസമാജ് നടത്തിയ പ്രകടനത്തിനിടെ ചിലർ സമീപത്തുള്ള കടകളിലും മറ്റും കയറിയിറങ്ങി മുസ്ലിങ്ങളെ ജോലിക്ക് നിർത്തരുതെന്ന് ആവശ്യപ്പെടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതും കോടതിയെ ധരിപ്പിച്ചു.
ഡൽഹി–-എൻസിആർ മേഖലകളിൽ വിഎച്ച്പിയും ബജ്റഗദളും മറ്റും നടത്തുന്ന റാലികളിൽ വിദ്വേഷപ്രസംഗങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഡൽഹി, ഹരിയാന, യുപി സർക്കാരുകൾക്ക് സുപ്രീംകോടതി നേരത്തെ നിര്ദേശം നല്കിയിരുന്നു.















