ന്യൂഡൽഹി
മണിപ്പുരിനെയും ഹരിയാനയെയുംപോലെ ഇന്ത്യയെയും ചുട്ടെരിക്കാനാണ് ബിജെപി പദ്ധതിയെന്ന് എ എം ആരിഫ് ലോക്സഭയിൽ പറഞ്ഞു. പ്രധാനമന്ത്രിയെ പാർലമെന്റിൽ എത്തിക്കാൻ പ്രതിപക്ഷത്തിന് അവിശ്വാസപ്രമേയം കൊണ്ടുവരേണ്ടിവന്നത് ഭരണപക്ഷത്തിന്റെ പൂർണ പരാജയമാണ്. മണിപ്പുർ ഭരണം ഏറ്റെടുക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് സുപ്രീംകോടതിയെ നയിച്ചത് കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജിവയ്ക്കണമെന്നും അവിശ്വാസപ്രമേയ ചർച്ചയിൽ ആരിഫ് പറഞ്ഞു.
പാർലമെന്റ് മന്ദിരത്തിലെ തന്റെ മുറിയിൽ ബിജെപി അംഗങ്ങളെ വിളിച്ചുചേർത്ത് രാജ്യത്തെ വിഭജിച്ച് വരുന്ന തെരഞ്ഞെടുപ്പ് എങ്ങനെ ജയിക്കാം എന്നാണ് പ്രധാനമന്ത്രി ആലോചിക്കുന്നത്. മാധ്യമപ്രവർത്തകരെ പാർലമെന്റിൽ പ്രവേശിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണം.
മണിപ്പൂർ കത്തുന്ന സമയത്ത് ഫ്രാൻസിൽ ചെന്ന് ലോകസമാധാനത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗിച്ചു. പൗരത്വ നിയമ ഭേദഗതി ബിൽപോലെ ഏക സിവിൽ കോഡ് ജനങ്ങളിൽ അടിച്ചേൽപ്പിക്കാനാണ് ശ്രമം. ബാബറി മസ്ജിദ് പൊളിച്ചതുപോലെ ഇപ്പോൾ ജ്ഞാൻവാപി പള്ളിയും പൊളിക്കാൻ ശ്രമിക്കുന്നു. വോട്ടിനുവേണ്ടി രാജ്യത്തെ കത്തിക്കാൻ ഇവർക്ക് മടിയില്ല.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ളഎൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് കേരളത്തിലേക്ക് ഒമ്പത് കേന്ദ്ര ഏജൻസിയെയാണ് അയച്ചത്. ഇഡി ഡയറക്ടറായി സഞ്ജയ് കുമാർ മിശ്രയെ ആയുഷ്കാലം വച്ചിരുന്നാലും പ്രതിപക്ഷം ബിജെപിയെ നേരിടും. പ്രധാനമന്ത്രിക്ക് ഇപ്പോൾ “ഇന്ത്യ’ എന്ന പേര് കേൾക്കുമ്പോൾ അസഹിഷ്ണുതയാണെന്നും ആരിഫ് പറഞ്ഞു.















