ഗയാന
മൂന്നാം ട്വന്റി 20 ക്രിക്കറ്റിൽ വെസ്റ്റിൻഡീസിനെ ക്യാപ്റ്റൻ റോവ്മാൻ പവൽ മികച്ച സ്കോറിലെത്തിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 159 റണ്ണാണെടുത്തത്. അഞ്ച് മത്സര പരമ്പരയിൽ വിൻഡീസ് 2–-0ന് മുന്നിലാണ്.
ഒരുഘട്ടത്തിൽ ചെറിയ സ്കോറിൽ ഒതുങ്ങുമെന്ന് കരുതിയ വിൻഡീസിനെ പവലാണ് കരകയറ്റിയത്. 19 പന്തിൽ 40 റണ്ണുമായി ക്യാപ്റ്റൻ പുറത്താകാതെനിന്നു. അവസാന അഞ്ചോവറിൽ 53 റണ്ണാണ് ടീം അടിച്ചെടുത്തത്. അതിൽ മുക്കാൽപങ്കും ക്യാപ്റ്റന്റെ സംഭാവനയായിരുന്നു. മൂന്ന് സിക്സറും ഒരു ഫോറുമായിരുന്നു ഇന്നിങ്സിൽ. ഇന്ത്യക്കായി സ്പിന്നർ കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
വിൻഡീസിനായി ഓപ്പണർമാരായ ബ്രണ്ടൻ കിങ്ങും (42 പന്തിൽ 42) കൈൽ മയേഴ്സും (20 പന്തിൽ 25) മികച്ച തുടക്കം നൽകി. മയേഴ്സിനെ പുറത്താക്കി അക്സർ പട്ടേലാണ് ഇന്ത്യക്ക് ആശ്വാസം പകർന്നത്. കുൽദീപ് നാലോവറിൽ 28 റൺ വഴങ്ങിയാണ് മൂന്ന് വിക്കറ്റെടുത്തത്. ഇന്ത്യക്കായി ട്വന്റി 20യിൽ വേഗത്തിൽ 50 വിക്കറ്റ് തികയ്–ക്കുന്ന ബൗളറുമായി.
അപകടകാരിയായ നിക്കോളാസ് പുരാനെ (12 പന്തിൽ 20) കുൽദീപിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ സ്റ്റമ്പ് ചെയ്ത് മടക്കുകയായിരുന്നു.
ഇന്ത്യക്കായി ഇടംകൈയൻ ബാറ്റർ യശസ്വി ജയ്സ്വാൾ അരങ്ങേറ്റം കുറിച്ചു.















