തിരുവനന്തപുരം
ആഗോളതലത്തിലെ പ്രമുഖ കൺസൾട്ടൻസി കമ്പനി ടിഎൻപി ഗ്രൂപ്പ് കേരളത്തിലേക്ക്. ഈ വർഷം നിക്ഷേപം നടത്തിയേക്കും. വ്യവസായ മന്ത്രി പി രാജീവ് അടക്കമുള്ളവരുമായി കമ്പനി പ്രതിനിധികൾ ചർച്ച നടത്തി. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെയും ഇന്ത്യയിലെയും പ്രവർത്തനങ്ങളുടെ ഓപ്പറേഷണൽ ഹെഡ് ക്വാർട്ടേഴ്സ് കേരളത്തിൽ സ്ഥാപിക്കാനാണ് കമ്പനി ആലോചിക്കുന്നത്.
മൂന്നുവർഷത്തിനകം നാനൂറിലധികം ഉദ്യോഗാർഥികളുള്ള കേന്ദ്രം സ്ഥാപിക്കാനാണ് തീരുമാനമെന്ന് ടിഎൻപി കൺസൾട്ടന്റ് പ്രസിഡന്റ് ബെനോയ്ട്ട് റെനിനി പറഞ്ഞു. ഫ്രാൻസ് ഉൾപ്പെടെ പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിലും വടക്കു കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും പ്രവർത്തിച്ചുവരുന്ന കമ്പനി നിലവിൽ ഇരുപത്തഞ്ചിലധികം അന്താരാഷ്ട്ര സംരംഭങ്ങളിൽ പങ്കാളികളാണ്. സിന്തൈറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. വിജൂ ജേക്കബും മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നൂതനവ്യവസായങ്ങളുടെ കേന്ദ്രമായി മാറാനുള്ള ശ്രമങ്ങൾക്ക് കൂടുതൽ ഊർജം നൽകുന്നതാണ് ടിഎൻപി ഗ്രൂപ്പുമായി നടന്ന ചർച്ചയെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.