ന്യൂഡൽഹി
ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികൾ ശിക്ഷാഇളവ് കിട്ടി പുറത്ത് വന്നപ്പോൾ സംഘപരിവാറുകാര് അവരെ മാലയിട്ട് സ്വീകരിച്ചതിനെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ. പ്രതികളെ വെറുതെവിട്ടതിന് എതിരായ ബിൽക്കിസ് ബാനുവിന്റെ ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കുന്ന അവസരത്തിലാണ് അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ഹീനമായ കുറ്റകൃത്യത്തിൽ പങ്കാളികളായ പ്രതികളെ ന്യായീകരിച്ചത്. പ്രതികൾ ശിക്ഷാഇളവ് കിട്ടി പുറത്തുവന്നപ്പോൾ ജയിലിനു പുറത്ത് അവരെ മാലയിട്ട് സ്വീകരിച്ച കാര്യം മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ചൂണ്ടിക്കാണിച്ചു.
പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് അവരെ സ്വീകരിച്ചതെന്നും അതിൽ എന്താണ് തെറ്റെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ചോദിച്ചു. സിബിഐ അന്വേഷിച്ചിരുന്ന കേസിൽ കേന്ദ്ര സർക്കാരും കക്ഷിയാണ്. ബിൽക്കിസ് ബാനുവിനുവേണ്ടി ഹാജരായ അഡ്വ. ശോഭ ഗുപ്ത ശിക്ഷാഇളവ് നൽകിയ നടപടിയെ ശക്തമായി വിമർശിച്ചു. പ്രതികളെ വെറുതെവിട്ടാൽ ഉണ്ടാകാനിടയുള്ള സാമൂഹികാഘാതം ഗുജറാത്ത് സർക്കാർ കണക്കിലെടുത്തില്ല. –- അഭിഭാഷക വാദിച്ചു.