ന്യൂഡൽഹി
അലിഗഢ് മുസ്ലിം സർവകലാശാല കോർട്ട് തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ കൂട്ടായ്മയ്ക്ക് തിളക്കമാർന്ന വിജയം. കൂട്ടായ്മ പിന്തുണ നൽകിയ എ എ റഹിം (സിപിഐ എം), ഇമ്രാൻ പ്രതാപ്ഘടി (കോൺഗ്രസ്) എന്നിവരാണ് ജയിച്ചത്. രാജ്യസഭാ എംപിമാരുടെ നാല് ഒഴിവിലേക്കായി അഞ്ചു പേരാണ് മത്സരിച്ചത്. മൂന്നുപേരെ മത്സരിപ്പിച്ച ബിജെപിക്ക് രണ്ടു പേരെ മാത്രമേ ജയിപ്പിക്കാൻ സാധിച്ചുള്ളൂ. ബിആർഎസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ബിജെപിയെ പരാജയപ്പെടുത്താനുള്ള നിലപാട് സ്വീകരിച്ചു.
രാജ്യസഭാ അംഗങ്ങളായ കേന്ദ്രമന്ത്രിമാരടക്കം വോട്ടെടുപ്പിൽ പങ്കെടുക്കുകയും ബിജെപി അംഗങ്ങളെ വിജയിപ്പിക്കാൻ ഇടപെടൽ നടത്തുകയും ചെയ്തെങ്കിലും പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനായില്ല. എ എ റഹിമിന് 49ഉം ഇമ്രാൻ പ്രതാപ്ഘടിക്ക് 53ഉം വോട്ട് ലഭിച്ചപ്പോൾ ജയിച്ച ബിജെപി എംപിമാർക്ക് 40ൽ താഴെ വോട്ട് മാത്രമാണ് നേടാനായത്. ബിജെപിയുടെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണ് പരാജയമെന്ന് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം പറഞ്ഞു. സഭയ്ക്ക് അകത്തും പുറത്തും യോജിച്ച പോരാട്ടങ്ങൾ തുടരാൻ ഈ വിജയം പ്രതിപക്ഷത്തിന് കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.