കൊച്ചി
സ്നേഹത്തിന്റെ ഹിറ്റ് മേക്കറായിരുന്നു സംവിധായകൻ സിദ്ദിഖെന്ന് ഹരിശ്രീ അശോകൻ. ഇത്രയും സ്നേഹിക്കുന്ന മറ്റൊരു വ്യക്തിയെ കണ്ടിട്ടില്ല. സിദ്ദിഖ്–-ലാലായിരുന്നു എന്റെ റോൾ മോഡൽ. അവരെ കണ്ടാണ് മിമിക്രി പഠിച്ചത്. കലാഭവനിലും ഹരിശ്രീയിലും എത്തിയപ്പോൾ ഭയങ്കര ഇഷ്ടമായി. ഞങ്ങൾ സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുമ്പോൾ പിന്നണിയിൽ സിദ്ദിഖ് അഭിനയിക്കുകയായിരിക്കും. കാരണം അത്രയ്ക്ക് ആത്മാർഥതയാണ് അദ്ദേഹത്തിന്. അവർ രചന നിർവഹിച്ച ‘പപ്പൻ പ്രിയപ്പെട്ട പപ്പനി’ലായിരുന്നു എന്റെ തുടക്കം. മാതാപിതാക്കളെയും സഹോദരങ്ങളെയും സ്വന്തം ചിറകിനടിയിൽ സിദ്ദിഖ് സൂക്ഷിച്ചു. എന്റെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ അദ്ദേഹത്തെ സമീപിക്കുമായിരുന്നു. അദ്ദേഹത്തിന്റെ കൈയിൽ പരിഹാരമുണ്ടായിരുന്നു. ആശുപത്രിയിൽ കാണാൻ അനുവദിക്കില്ലെന്ന് അറിയിച്ചിരുന്നു. അതിനാൽ പോകാനായില്ല. എല്ലാദിവസവും സഹോദരനെ വിളിച്ച് വിവരങ്ങൾ തിരക്കുമായിരുന്നു, പ്രാർഥിക്കുമായിരുന്നു. പക്ഷെ…. ഹരിശ്രീ അശോകൻ സങ്കടത്തോടെ പറഞ്ഞുനിർത്തി.