മസ്ക്കറ്റ് > ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന യുവജനോത്സവ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി അപേക്ഷകൾ സെപ്തംബർ 2 രാത്രി 9വരെ ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഓഫീസിൽ സ്വീകരിക്കുമെന്ന് കേരള വിഭാഗം വാർത്താ കുറിപ്പിൽ അറിയിച്ചു.
ദാർസൈറ്റിലുള്ള ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിലും കേരള വിഭാഗം ഓഫീസിലും വച്ച് സെപ്തംബർ 28, 29, 30, ഒക്ടോബർ 6, 7 തീയതികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി, ഒപ്പന, മാർഗ്ഗം കളി, തിരുവാതിരക്കളി, നാടോടി നൃത്തം, സംഘ നൃത്തം, സിനിമാഗാനാലാപനം, കവിതാലാപനം, നാടൻപാട്ട്, മാപ്പിളപ്പാട്ട്, സംഘഗാനം, കഥാപ്രസംഗം, മോണോ ആക്ട്, കീ ബോർഡ്, ടാബ്ലോ, പ്രച്ഛന്ന വേഷം, ചിത്രരചന എന്നീ വിഭാഗങ്ങളിലായാണ് കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പ്രസംഗ മത്സരം, ഉപന്യാസ രചന, കഥാ രചന, കവിതാ രചന എന്നീ സാഹിത്യ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. അപേക്ഷാ ഫോമുകളും നിയമാവലിയും ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ഓഫീസിലും കേരളവിഭാഗത്തിന്റെ ഫേസ് ബുക്ക് പേജിലും ലഭ്യമാണ്.
കേരളവിഭാഗത്തിന്റെ രൂപീകരണം മുതൽ എല്ലാ വർഷവും സംഘടിപ്പിച്ചു വന്നിരുന്ന യുവജനോത്സവം കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയും നടത്തിയിരുന്നു. മുൻ വർഷങ്ങളിൽ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നതായും ഈ വർഷവും പൊതുസമൂഹത്തിൽ നിന്നും പ്രത്യേകിച്ച് കുട്ടികളിൽ നിന്നും വലിയ പിന്തുണ പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 97881264, 92696550, 98962424