ഇന്ധനക്ഷാമത്തെ മുൻനിർത്തി പബ്ലിക് ട്രാൻസ്പോർട്ടിലേക്ക് ജനങ്ങളെ ആകർഷിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമാണ് ഒമ്പത് യൂറോ ടിക്കറ്റ്. അത് വാങ്ങിച്ചാൽ ഒരു മാസം ജർമനിയിലെങ്ങും യാത്ര ചെയ്യാം. അതിവേഗ ട്രെയിനായ ICE യിൽ ഒഴികെ മറ്റെല്ലാ തീവണ്ടികളിലും ബസ്സുകളിലും ട്രാമുകളിലും ഈ സൗകര്യം ഉണ്ട്. എന്നെപ്പോലെ ഒരു നിരക്ഷരന് അതു വലിയ സൗകര്യമായി.
മക്കൾ പാർക്കുന്നിടങ്ങളിൽ ചെല്ലുമ്പോൾ നമുക്കവരുടെ കുട്ടിക്കാലം ഓർമ വരും. അതാണല്ലോ ഓർക്കാൻ ഏറ്റവും സന്തോഷമുള്ളത്. അതെന്ത്, ഇതെന്ത് എന്ന് അവർ ചോദിച്ചു നടന്ന കാലം. ജീവിക്കേണ്ട ലോകത്തെ അവർ മനസ്സിലാക്കുകയായിരുന്നു. കളിവീടുണ്ടാക്കാത്ത കുട്ടികൾ ഉണ്ടാവില്ലല്ലോ. ഇപ്പോൾ ആധുനിക സൗകര്യങ്ങളുള്ള അടുക്കളയിൽനിന്ന് അവർ ഭക്ഷണമുണ്ടാക്കുന്നതു കാണുമ്പോൾ വലിയൊരു കളിവീടാണല്ലോ ഇവർക്ക് കിട്ടിയിരിക്കുന്നത് എന്നു തോന്നും.
പ്ലസ് ടു കാലം കഴിഞ്ഞതോടെ രണ്ടുപേരും വീടുവിട്ടു നിൽക്കാൻ തുടങ്ങിയിരുന്നു. അത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നു. ‘നരജീവിതമാകുന്ന വേദനയ്ക്കുള്ള ഔഷധങ്ങളാ’ണെങ്കിലും അവരെ ഒരു പ്രായമാവുമ്പോൾ വാത്സല്യത്തിന്റെ ചിറകിൽനിന്ന് വേർപെടുത്തുന്നതാണ് നല്ലത്. സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും പ്രതിസന്ധികളെ അഭിമുഖീകരിക്കാനും അതവരെ പ്രാപ്തരാക്കും. അമ്മക്കുട്ടികളായ യുവാക്കൾ അവരുടെ ജീവിതപങ്കാളികൾക്ക് വലിയ പ്രശ്നമാകാറുണ്ട്.
മൂത്തമകൻ രാജ പഠിച്ചത് തൃശൂർ ഗവ. എൻജിയറിങ് കോളേജിലാണ്. ഞങ്ങളുടെ ഗ്രാമത്തിൽനിന്നും കോളേജിലേക്ക് ഏകദേശം 35 കിലോമീറ്റർ ദൂരമുണ്ട്. യാത്രാസൗകര്യവും കുറവ്. അതുകൊണ്ട് മാറി താമസിക്കേണ്ടി വന്നു. സ്വന്തം ജില്ലയായതുകൊണ്ട് ആദ്യഘട്ടത്തിൽ കോളേജ് ഹോസ്റ്റൽ കിട്ടിയില്ല. ചേറൂരിലെ ചില ഗുദാമുകളിൽ താമസിച്ചു.
ഞാനക്കാലത്ത് തൃശ്ശൂരിലുണ്ട്. അവന്റെ താമസസ്ഥലത്തേക്ക് ഇടക്കൊരു സന്ദർശനം നടത്തും. കുടുസ്സുമുറികളിലാണെങ്കിലും കൂട്ടുകാരുമൊത്തുള്ള വാസം വലിയ സാമൂഹ്യബോധമാണ് കുട്ടികൾക്കുണ്ടാക്കുക.
പ്ലസ് ടു കഴിഞ്ഞതോടെ ഹരികൃഷ്ണൻ കേരളം വിട്ടു. താംബരത്തെ മദ്രാസ് ക്രിസ്ത്യൻ കോളേജിലാണ് ചേർന്നത്. സ്വന്തം തീരുമാനമാണ്. പക്ഷേ എനിക്കു സന്തോഷമായി. കുട്ടിക്കാലം മുതലേ പരിചയമുള്ള നഗരമാണ് ചെന്നൈ. അവിടത്തെ ചൂടും മണങ്ങളും (മുല്ലപ്പൂവിന്റെയും തൈരുസാദത്തിന്റെയും സമ്മിശ്രഗന്ധം) എനിക്കിഷ്ടമാണ്. ബിരുദവും പിജിയും എംഫിലും പൂർത്തിയാക്കിയിട്ടാണ് അയാൾ ചെന്നൈയിൽനിന്നു മടങ്ങിയത്.
അവനെ കാണാനെന്ന ഭാവേന ഞാൻ ഇടക്കിടെ അങ്ങോട്ട് പോകാറുണ്ട്. കാടും കുളങ്ങളും മൈതാനങ്ങളും മാനുകളും മറ്റു ജീവജാലങ്ങളും നിറഞ്ഞ വിസ്തൃതമായ കാമ്പസാണ്. ഡോ. എസ് രാധാകൃഷ്ണനും കെ പി കേശവമേനോനും കെ കേളപ്പനും പ്രകാശ് കാരാട്ടും പിന്നെ ഖസാക്കിലെ രവിയും പഠിച്ച കോളേജ്.
ഹാളുകൾ എന്നാണ് ഹോസ്റ്റലുകളെ അവർ വിളിക്കുക. നിരവധി ഹാളുകൾ ഉണ്ട്. സെന്റ് തോമസ് ഹാളിലാണ് ഹരികൃഷ്ണൻ താമസിച്ചിരുന്നത്. ഹാളുകൾ തമ്മിലാണത്രെ അവിടത്തെ മത്സരം. ഹാൾ രാഷ്ട്രീയം എന്നു പറയാം. ചിലപ്പോൾ സംഘർഷങ്ങളുമുണ്ടാകും. പഴയ ബ്രിട്ടീഷ് കാലത്തെ ഓർമിപ്പിക്കുന്നവയാണ് കെട്ടിടങ്ങളും ഹോസ്റ്റൽ മുറികളും. അതിഥികളായ രക്ഷിതാക്കൾക്ക് താമസിക്കാൻ ഗസ്റ്റ് റൂമുകളുണ്ടെങ്കിലും ഞാൻ അവിടെ തങ്ങാറില്ല. താംബരം വെസ്റ്റിൽ സുഹൃത്ത് കെ ജെ അജയകുമാറിന്റെ സ്റ്റുഡന്റ് അൽത്താഫ് നടത്തുന്ന ചെറിയൊരു ലോഡ്ജ് ഉണ്ട്. ഒരു റെസ്റ്റാറന്റിന്റെ മുകളിലായി രണ്ടോ മൂന്നോ മുറികളാണ്. അവിടെ കഴിയും.
അവധി ദിവസമാണെങ്കിൽ ഹരികൃഷ്ണനേയും കൂട്ടി ചെന്നൈ നഗരത്തിലേക്കു കടക്കും. പണ്ടുമുതലേയുള്ളതാണ് എഗ്മൂർ വഴി ബീച്ച് സ്റ്റേഷനിൽ അവസാനിക്കുന്ന ഇലക്ട്രിക് ട്രെയിൻ സർവീസ്. കുട്ടിക്കാലത്ത് അച്ഛന്റെ ചികിത്സക്കുവേണ്ടി വന്നപ്പോൾ താമസിച്ചിരുന്ന ടോൾഗേറ്റ്, തിരുവത്തിയൂർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. ഒപ്പം മദ്രാസ് ജനറൽ ആശുപത്രിയും. ഓർമയുടെ വേരുകൾ എവിടെയെങ്കിലുമുണ്ടോ എന്ന അന്വേഷണമാണ്. നിരാശയാണ് ഫലം. ലോകം അടിക്കടി മാറിക്കൊണ്ടിരിക്കുകയാണ്. ഗൃഹാതുരജീവികൾക്കുവേണ്ടി ഒന്നും ബാക്കി വെയ്ക്കുന്നില്ല. ചെന്നൈയിലാണെങ്കിൽ ഇടയ്ക്കുണ്ടായ സുനാമി എല്ലാം തകിടം മറിച്ചിരിക്കുന്നു.
അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ ആദ്യത്തിലുമായിരുന്നു പഴയ മദിരാശി സന്ദർശനങ്ങൾ. അന്നത് തമിഴ് ഭാഷ പോലെ ഹൃദ്യമായ ഒരു നഗരം. അഴുക്കും ദുർഗന്ധവുമുള്ളതെങ്കിലും ഒരു കാല്പനിക സൗന്ദര്യം ഉണ്ടായിരുന്നു. അസാമാന്യമായ ചൂടും ഒപ്പം വേപ്പുമരങ്ങളുടെ തണലും ഓർക്കുന്നു. കുങ്കുമവും മുല്ലപ്പൂവും ചെറുനാരങ്ങയുമാണ് മുഖ്യ വഴിയോരക്കാഴ്ചകൾ. ഒരു മഴ പെയ്താൽ ചെറുനാരങ്ങയുടെ വില കുത്തനെ കുറയും. സെൻട്രൽ റെയിൽവേ സ്റ്റേഷനടുത്തുള്ള മൂർമാർക്കറ്റിലെ തിരക്ക് ഓർമയുണ്ട്. അരച്ചായയുടെ കൊഴുപ്പും. റെയിൽവേ സ്റ്റേഷന്റെ നേരെ എതിർവശത്താണ് ജനറൽ ആശുപത്രി. ഇന്നതിന്റെ പേര് രാജീവ് ഗാന്ധി മെമ്മോറിയൽ ആശുപത്രി എന്നാണ്.
അച്ഛന്റെ കസിൻ സഹോദരന്മാർ അന്ന് തിരുവത്തിയൂർ ടോൾഗേറ്റിനടുത്തുള്ള ബെസ്റ്റ് ആൻഡ് ക്രോംപ്ടൺ കമ്പനിയിൽ ജോലി ചെയ്തിരുന്നു. കുറച്ച് അകന്ന് മാറി നിരയായി പണിത ചെറിയ ക്വാർട്ടേഴ്സുകളിലാണ് അവർ താമസിച്ചിരുന്നത്. ആ വഴികളിലൂടെ വീണ്ടും നടക്കാൻ ശ്രമിച്ചു. നിർഭാഗ്യം എന്നു പറയട്ടെ ആ കമ്പനി തന്നെ ഇന്നവിടെ ഇല്ല. വഴികളും കാണാനില്ല. തൊട്ട് കിഴക്ക് റോഡിനപ്പുറത്ത് കടലാണ്. ബംഗാൾ ഉൾക്കടൽ. അന്നത് വെള്ളമണൽ നിറഞ്ഞ വിസ്തൃതമായ തീരത്തിനപ്പുറത്ത് കാണപ്പെട്ട മനോഹരമായ നീല ജലാശയമായിരുന്നു. ആക്രമിച്ചുവന്ന സുനാമിയിൽ ബീച്ചു മുഴുവൻ നഷ്ടപ്പെട്ട് കടൽ അടുത്തെത്തിയിരിക്കുന്നു. കടൽഭിത്തിയാണ് സംരക്ഷണം. നീലനിറം നഷ്ടപ്പെട് കടൽ ഇരുണ്ടിരിക്കുന്നു.
ജർമനിയിലെ എസ്സെനിലാണല്ലോ നമ്മൾ. ഇന്നലെ വൈകിട്ട് നാദിയയും രാജയുമൊത്ത് പുറത്ത് പോയിരുന്നു. ബർലിനർ പ്ലാറ്റ്സിലുള്ള ഒരു കാശ്മീരി സൂപ്പർ മാർക്കറ്റ് സന്ദർശിച്ചു. എസ്സെൻ മെയിൻ സ്റ്റേഷൻ കടന്നുപോകണം ബർലിനർ പ്ലാറ്റ്സിലേക്ക്. ജർമനിയിൽ മെട്രോ ട്രെയിനുകളിലെ യാത്ര രസകരമാണ്. പുറത്തുനിന്നു നോക്കുമ്പോൾ സ്റ്റേഷൻ നമ്മുടെ ശ്രദ്ധയിൽപ്പെടണമെന്നില്ല.
ഉപരിതലത്തിൽ ഒരു ലിഫ്റ്റ് ഉയർന്നുനിൽക്കുന്നത് കാണാം. താഴേക്കിറങ്ങാൻ ചവിട്ടുപടികളുമുണ്ട്.Martin Strn നിന്നാണ് ഞങ്ങൾ കയറിയത്. ഇത് U- Bahn ആണ്. എന്നുവെച്ചാൽ അണ്ടർ ഗ്രൗണ്ട് മെട്രോ. ഉപരിതല യാത്രയ്ക്കുള്ളത് S -Bahn ആണ്. ഇതേ റൂട്ടിൽ തന്നെ ട്രാമുകളുമുണ്ട്. അവ ഇടക്ക് ഭൂഗർഭത്തിൽനിന്ന് പുറത്തുവന്നു റോഡിലൂടെയും സഞ്ചരിക്കും. കൂടാതെ കൃത്യമായ സമയക്രമം പാലിച്ചു പോകുന്ന ബസ് സർവീസുകളുണ്ട്.
ജർമനിയിലേക്കുള്ള ഈ രണ്ടാം വരവിൽ സ്വതന്ത്രമായും കുറച്ചൊക്കെ അലക്ഷ്യമായും സഞ്ചരിക്കാൻ എനിക്കൊരു മാർഗം തുറന്നുകിട്ടിയിരുന്നു. ഒമ്പതു യൂറോ ടിക്കറ്റ്. റഷ്യ‐ ഉക്രയ്ൻ യുദ്ധം നടക്കുന്ന സാഹചര്യമാണല്ലോ. യുദ്ധത്തിൽ നേരിട്ടു പങ്കാളിയല്ലെങ്കിലും ജർമനിയെ അതു കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രധാനമായും ഇന്ധന പ്രതിസന്ധിയാണുണ്ടായിരിക്കുന്നത്. ഉക്രയ്ന്റെ പക്ഷത്തുനിൽക്കുന്ന ജർമനിക്ക് പഴയപോലെ ഓയിൽ നൽകാൻ റഷ്യ തയ്യാറല്ല. രാജ്യത്തെ കൽക്കരി പോലുള്ള പരമ്പരാഗത ഊർജ സ്രോതസ്സുകളെ പാടെ തിരസ്കരിച്ചതിന്റെ പരിണതഫലം എന്നു പറയാം.
ഇന്ധനക്ഷാമത്തെ മുൻനിർത്തി പബ്ലിക് ട്രാൻസ്പോർട്ടിലേക്ക് ജനങ്ങളെ ആകർഷിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമാണ് ഒമ്പത് യൂറോ ടിക്കറ്റ്. അത് വാങ്ങിച്ചാൽ ഒരു മാസം ജർമനിയിലെങ്ങും യാത്ര ചെയ്യാം. അതിവേഗ ട്രെയിനായ ICE യിൽ ഒഴികെ മറ്റെല്ലാ തീവണ്ടികളിലും ബസ്സുകളിലും ട്രാമുകളിലും ഈ സൗകര്യം ഉണ്ട്. എന്നേപ്പോലെ ഒരു നിരക്ഷരന് അതു വലിയ സൗകര്യമായി. ഏതു വണ്ടിയിലും കയറാം. എവിടെയും ഇറങ്ങാം. എങ്ങോട്ട് എന്ന ചോദ്യം ഇല്ല. മറുപടിയും വേണ്ട. ഈ സൗകര്യം ഞാൻ കുറെയൊക്കെ ഉപയോഗപ്പെടുത്തിയിരുന്നു.
കശ്മീരി സൂപ്പർ മാർക്കറ്റ് എന്നു പേരുണ്ടെങ്കിലും അതൊരു ചെറിയ ഷോപ്പാണ്. പ്രായമുള്ള ഒരു സ്ത്രീയാണ് ഉടമ. അവർ ഞങ്ങളെ സ്നേഹത്തോടെ സ്വാഗതം ചെയ്തു. നാദിയ അവിടത്തെ സ്ഥിരം പറ്റുപടിക്കാരിയാണെന്നു മനസ്സിലായി. യൂറോപ്യൻ പെൺകുട്ടിയാണെങ്കിലും അവൾക്ക് ഇന്ത്യൻ ഭക്ഷണത്തോടാണ് പ്രിയം. ഇഡ്ഡലിയും സാമ്പാറുമാണ് ഇഷ്ടഭക്ഷണം. രാജക്ക് ഏതു ഭക്ഷണമായാലും പ്രശ്നമല്ല. കിട്ടിയത് കഴിക്കും. കിട്ടിയത് ഉടുക്കും. എവിടെയെങ്കിലും ചുരുണ്ടു കിടക്കും എന്നൊരു പ്രകൃതമാണ്. എരിവും മസാലയും കുറവായതുകൊണ്ട് എനിക്ക് യൂറോപ്യൻ വിഭവങ്ങൾ ഇഷ്ടമാണ്.
യൂറോപ്യൻ ജീവിതത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും എനിയ്ക്കുണ്ടായിരുന്ന ധാരണകൾ പാടെ കീഴ്മറിച്ച പെൺകുട്ടിയാണ് നാദിയ. അതീവ സ്നേഹസമ്പന്ന. ജർമൻ പൗരയാണെങ്കിലും അമ്മയുടെ നാട് പോളണ്ട് ആണ്. അച്ഛൻ അൾജീരിയ. അമ്മ ക്രിസ്ത്യനും അച്ഛൻ മുസ്ലിമുമാണ്. ഇരുവരും അവരവരുടെ മതങ്ങളിൽ വിശ്വസിക്കുന്നു. തനിക്ക് പ്രത്യേകിച്ചൊരു മതത്തോടും താൽപ്പര്യമില്ലെന്ന് നാദിയ പറയുന്നു.
യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്തെ പരിചയമാണ് പിന്നീട് പ്രണയമായി മാറിയത്. രാജ എൻജിനിയറിങ്ങിൽ പിജി ചെയ്യുകയായിരുന്നു. നാദിയ നിയമത്തിലും. ഇപ്പോഴവൾ സർക്കാരിന്റെ ലോ ഡിപ്പാർട്ടുമെന്റിൽ ജോലിക്കാരിയാണ്. കേരളത്തിൽ വെച്ച് വിവാഹം നടത്താം എന്ന് ഞങ്ങൾ നിർബന്ധിച്ചതനുസരിച്ച് ഇരുവരും 2020ലെ വേനൽക്കാലത്ത് ഇവിടെ വന്നിരുന്നു. പക്ഷേ വിമാനമിറങ്ങി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും അന്തരീക്ഷം പാടെ മാറി. കോവിഡ് വ്യാപകമായി. ഷട്ട് ഡൗൺ പ്രഖ്യാപിച്ചു. വീട്ടിൽനിന്നു പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതി.
നാട്ടിൽ വന്ന സമയത്ത് രണ്ടുപേരും ഒന്നിച്ച് ചില യാത്രകൾ നടത്തിയിരുന്നു. പിന്നീട് ആളുകൾ ഉറ്റുനോക്കാൻ തുടങ്ങി.
കോവിഡ് മഹാമാരി വിദേശികളും പ്രവാസികളും കൊണ്ടുവരുന്നതാണെന്ന് ആയിരുന്നല്ലോ അന്നത്തെ ധാരണ. ഇന്റർനാഷണൽ ഫ്ലൈറ്റ് ഇറങ്ങിയവരെ വലവെച്ച് പിടിക്കുന്ന കാലം. ഒരു യൂറോപ്യൻ പെൺകുട്ടിയുടെ സാന്നിധ്യം ആശങ്കയോടെ ആളുകൾ കാണാൻ തുടങ്ങി. അതുകൊണ്ട് വീട്ടിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചു. വൈകുന്നേരങ്ങളിൽ കാട്ടൂർ തെക്കുംപാടം കോൾപ്പടവുകളിലേക്ക് നടക്കാനിറങ്ങും.
കോവിഡ് മഹാമാരി വിദേശികളും പ്രവാസികളും കൊണ്ടുവരുന്നതാണെന്ന് ആയിരുന്നല്ലോ അന്നത്തെ ധാരണ. ഇന്റർനാഷണൽ ഫ്ലൈറ്റ് ഇറങ്ങിയവരെ വലവെച്ച് പിടിക്കുന്ന കാലം. ഒരു യൂറോപ്യൻ പെൺകുട്ടിയുടെ സാന്നിധ്യം ആശങ്കയോടെ ആളുകൾ കാണാൻ തുടങ്ങി. അതുകൊണ്ട് വീട്ടിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചു. വൈകുന്നേരങ്ങളിൽ കാട്ടൂർ തെക്കുംപാടം കോൾപ്പടവുകളിലേക്ക് നടക്കാനിറങ്ങും.
നാലുമാസത്തോളം അങ്ങനെ അവർക്ക് ഇവിടെ കഴിയേണ്ടിവന്നു. നാദിയയുടെ മൂന്നുമാസത്തേക്കുള്ള വിസ എക്സ്റ്റന്റ് ചെയ്തു. അന്ന് ജർമൻ എമ്പസിക്കാർ നാദിയയെ വിളിച്ച് ജർമനിയിലേക്കു തിരിച്ചുപോകാനുള്ള സൗകര്യം ചെയ്യാമെന്ന് പറഞ്ഞിരുന്നു. ഇവാക്വേഷൻ ഫ്ലൈറ്റുകൾ ഉണ്ടായിരുന്നല്ലോ. പക്ഷേ രാജക്ക് ആ സൗകര്യം ലഭിക്കില്ല എന്നതുകൊണ്ട് അവർ പോയില്ല. പിന്നീട് നാലുമാസം കഴിഞ്ഞ് രാജയുടെ ജോലി എസൻഷ്യൽ സർവീസ് ആണെന്ന് ബോധ്യപ്പെടുത്തിയാണ് അങ്ങനെയൊരു വിമാനത്തിൽ കയറിപ്പറ്റിയത്. പല രാജ്യങ്ങളിൽ പല എയർപോർട്ടുകളിൽ ഇറങ്ങിയും കയറിയുമുള്ള ദുരിതയാത്രയായിരുന്നു.
നാദിയ നാട്ടിലുണ്ടായിരുന്ന നാലുമാസവും വീട് സന്തോഷം കൊണ്ടു നിറഞ്ഞു. കോവിഡിന്റെ അടച്ചിരിപ്പും മരവിപ്പും ബാധിച്ചില്ല എന്നു പറയാം. സദാ തമാശകൾ പറഞ്ഞ് ഉറക്കെ പൊട്ടിച്ചിരിക്കുന്ന പെൺകുട്ടി അയൽക്കാർക്കും കൗതുകമായി. അവളുടെ വരവ് പ്രമാണിച്ച് ഞങ്ങൾ അടുക്കള ഒന്ന് പരിഷ്കരിച്ചിരുന്നു. ഡൈനിങ് ടേബിൾ പാശ്ചാത്യവൽക്കരിച്ചു. ധാരാളം സ്പൂണുകളും ഫോർക്കുകളും കത്തിയും ടവലും മറ്റും വാങ്ങിവെച്ചു. നാനാതരം ബ്രഡ്ഡുകളും ചീസും ജാമും സോസുകളും സോസേജും മറ്റ് മാംസ വിഭവങ്ങളും ശേഖരിച്ചു വെച്ചു.
പക്ഷേ അതെല്ലാം വെറുതെയായി. ഇഡ്ഡലിയും ദോശയും ചട്ണിയും ഇടിയപ്പവുമാണ് അവൾക്ക് വേണ്ടത്. വേനൽക്കാലമാണല്ലോ. പറമ്പിൽ ധാരളം കിഴങ്ങുകൾ ഉണ്ടാവുന്ന സമയമാണ്. കാവത്തും ചേനയും ചേമ്പും അവൾക്കിഷ്ടമായി. കോവിഡ് ഏകാന്തതയുടെ അക്കാലത്ത് പാർക്കുന്ന വീടും മുറ്റവും പറമ്പും അവിടെയുള്ള മരങ്ങളും ജീവികളുമായി മനുഷ്യർ വീണ്ടും സമ്പർക്കത്തിലായല്ലോ. മാവിലിരുന്ന് ചിലയ്ക്കുന്ന അണ്ണാനും ഉച്ചനേരത്ത് മുറ്റത്ത് മക്കളുമൊത്ത് സന്ദർശനത്തിനെത്തുന്ന കീരിയും നാദിയക്ക് കൗതുകമായി.
4.
കാടിന്നടുത്തെ നഗരങ്ങൾ
സുരക്ഷിതമായി നടക്കാവുന്ന ചെറുതും വലുതുമായ പാതകൾ ഉണ്ടെന്നതാണ് ജർമനി പോലുള്ള യൂറോപ്യൻ നഗരങ്ങളുടെ ഒരു ഗുണം. പാതയോരങ്ങളിൽ ഇടവിട്ട് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളുണ്ട്. മുതിർന്ന പൗരന്മാരെ സംബന്ധിച്ച് ഇത് പ്രധാനമാണ്. സൈക്കിൾ യാത്രക്കാർക്ക് മുന്തിയ പരിഗണനയുണ്ട്.
സുരക്ഷിതമായി നടക്കാവുന്ന ചെറുതും വലുതുമായ പാതകൾ ഉണ്ടെന്നതാണ് ജർമനി പോലുള്ള യൂറോപ്യൻ നഗരങ്ങളുടെ ഒരു ഗുണം. പാതയോരങ്ങളിൽ ഇടവിട്ട് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളുണ്ട്. മുതിർന്ന പൗരന്മാരെ സംബന്ധിച്ച് ഇത് പ്രധാനമാണ്. സൈക്കിൾ യാത്രക്കാർക്ക് മുന്തിയ പരിഗണനയുണ്ട്. കുട്ടികളും മുതിർന്നവരും മാത്രമല്ല വൃദ്ധജനങ്ങളും സൈക്കിളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നു. മാത്രമല്ല അതിൽ അഭിമാനിക്കുകയും ചെയ്യുന്നു. കൈക്കുഞ്ഞുങ്ങളെ ടെയിലറിൽ സുരക്ഷിതമായി ഇരുത്തിയാണ് അമ്മമാരുടെ സൈക്കിൾ യാത്രകൾ.
ജർമനിയിൽ മോഷ്ടിക്കപ്പെടാൻ സാധ്യതയുള്ള ഒരു വാഹനം, അല്ലെങ്കിൽ വസ്തു സൈക്കിളാണത്രെ. എന്റെ ചെറിയ മകൻ ഹരികൃഷ്ണൻ തുടക്കത്തിൽ അവനു കിട്ടിയിരുന്ന ചുരുങ്ങിയ വേതനം ഉപയോഗിച്ച് വാങ്ങിച്ച സൈക്കിൾ മോഷ്ടിക്കപ്പെട്ടു. താമസിക്കുന്ന വീടിനുമുന്നിൽ നിന്നാണ് ആരോ അതെടുത്തു കൊണ്ട് പോയത്. മലയും കാടും കടൽത്തീരവുമുള്ള അവന്റെ പ്രദേശത്ത് സൈക്കിളില്ലാതെ ജീവിക്കാനാവില്ല. വഴികളിലെങ്ങും സൈക്കിൾ പൂട്ടിവെക്കാനുള്ള കുറ്റികൾ സ്ഥാപിച്ചിട്ടുണ്ട്.
ഇന്ന് ഹരികൃഷ്ണൻ എസ്സെനിലെത്തി. അവൻ താമസിക്കുന്ന റോസ്റ്റോക് ബാഡ് ഡൊബറാനിൽ നിന്ന് ഇവിടേക്ക് അതിവേഗ വണ്ടിയിൽ ആറു മണിക്കൂർ നേരത്തെ യാത്രയുണ്ട്. അതുകൊണ്ട് വല്ലപ്പോഴും മാത്രമാണ് അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രകൾ. ഇടക്ക് ഇരുനഗരങ്ങൾക്കും ഇടയിലുള്ള ഹംബർഗിലോ (Humburg)ബ്രെമനിലോ(Breman) ചെന്ന് ഒത്തുകൂടും.
ഹരി വന്നതുകൊണ്ട് ഞങ്ങൾ ഗ്രുഗാപാർക്ക് സന്ദർശിക്കാൻ തീരുമാനിച്ചു. രാജയുടെ വീടിനടുത്തു തന്നെയാണ് ഇത്. മെസ്സെ എസ്സെൻ എന്ന പ്രദർശനശാലയെക്കുറിച്ച് ഞാൻ നേരത്തെ എഴുതിയിരുന്നുവല്ലോ. പ്രധാനമായും വ്യാവസായികോൽപ്പന്നങ്ങളുടെ പ്രദർശനങ്ങളാണ് ഇവിടെ നടക്കുന്നത്. ഒപ്പം അന്താരാഷ്ട്ര കോൺഫ്രൻസുകളും ഫിലിം ഫെസ്റ്റിവലുകളും നടക്കും. ഗ്രുഗാഹല്ലേ (Grugahalle) എന്ന കൺസർട് ഹോളും ഉണ്ട്. അറ്റ്ലാന്റിക് കോൺഗ്രസ്സ് എന്ന നക്ഷത്ര ഹോട്ടൽ അനുബന്ധമായുണ്ട്. തൊട്ടപ്പുറത്താണ് ഗ്രൂഗാപാർക്ക്. നഗരത്തിനു തൊട്ടുള്ള ഒരു പ്രദേശം മുഴുവൻ പാർക്ക് ആക്കിയിരിക്കയാണ്.
മരങ്ങളും ചെറു ജലാശയങ്ങളും കളിസ്ഥലവും ഉള്ള പാർക്കുകൾ യൂറോപ്യൻ ജീവിതത്തിന്റെ ഭാഗമാണ്. നഗരമധ്യത്തിലും ഇത്തരം പാർക്കുകൾ കാണാം. ഒഴിവുസമയങ്ങളിൽ ആളുകൾ അവിടെ ചെന്നിരിക്കുന്നു. കുട്ടികളേയും കൊണ്ട് അച്ഛനമ്മമാരോ ആയമാരോ അധ്യാപകരോ വരുന്നു. ഒട്ടുമിക്ക പാർക്കുകളിലും പ്രവേശനം സൗജന്യമാണ്. പക്ഷേ ഗ്രൂഗാ പാർക്കിലേക്ക് കടക്കണമെങ്കിൽ നാലു യൂറോ ടിക്കറ്റെടുക്കണം. ഇടക്കിടെ പോകണമെന്നുള്ളവർക്ക് കുറഞ്ഞ നിരക്കിൽ സീസൻ ടിക്കറ്റ് ഉണ്ട്.
അറുപത്തിയഞ്ച് ഹെക്ടറാണ് പാർക്കിന്റെ വിസ്തീർണം എന്നു കാണുന്നു. പുൽമൈതാനങ്ങളും കുട്ടികൾക്കുള്ള ഗെയിംസ് കോർട്ടുകളും ഉണ്ട്. ചുറ്റി സഞ്ചരിക്കാൻ ഗ്രൂഗാബാൻ (ഏൃൗഴമയമവി) എന്നറിയപ്പെടുന്ന ഒരു നാരോഗേജ് തീവണ്ടി (കളിത്തീവണ്ടി) ഉണ്ട്. നിരവധി ശിൽപ്പങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. ഒരു ഭാഗത്ത് പൂക്കളുടെ പ്രപഞ്ചം. റോസ് സെക്ഷൻ പ്രത്യേകമായുണ്ട്. കഫറ്റീരിയകളും ബാറുകളും നിരവധിയുണ്ട്. കുട്ടികൾക്കുള്ള ഒരു മൃഗശാല വളരെ കൗതുകകരമായി തോന്നി. വീട്ടുമൃഗങ്ങളും പക്ഷികളുമാണ് അവിടെയുള്ളത്. കുതിര, കഴുത, പശു, ആട്, മുയൽ, കോഴി എന്നിങ്ങനെയാണ്. നഗരത്തിൽ വളരുന്ന കുഞ്ഞുങ്ങൾക്ക് ഇവയെല്ലാം മൃഗശാലയിൽ വന്നല്ലാതെ കാണാനാവില്ലല്ലോ.
പാർക്കിനകത്ത് ഒരു കിന്റർഗാർട്ടൻ സ്കൂളും പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ മുറ്റത്ത് അലഞ്ഞുനടക്കുന്ന കുഞ്ഞുങ്ങളെ കണ്ടു. സർവതന്ത്ര സ്വതന്ത്രരാണ്. വസ്ത്രങ്ങൾ അഴിച്ചുകളയാനും മണ്ണിൽ കിടന്ന് ഉരുളാനും അവർക്ക് അവകാശമുണ്ട്. മണ്ണ് അവിടത്തെ പ്രധാന വിഷയമാണെന്ന് തോന്നുന്നു. മണ്ണുകുഴച്ച് കളിക്കുന്നവരെ കണ്ടു. ഓരോരുത്തരും അവരവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് സഞ്ചരിക്കുകയാണ്. കൂടിയിരുന്ന് സംസാരിക്കുന്നവർ. കെട്ടിപ്പിടിച്ച് നടക്കുന്നവർ. ഓടുന്നവർ. ഏകാന്തതയിൽ ലയിച്ചിരിക്കുന്നവർ. അങ്ങനെ.
അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ മറ്റു മുതലാളിത്ത രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായി ഇവിടെ വിദ്യാഭ്യാസം സൗജന്യമാണ്. കുഞ്ഞുങ്ങളുടെ വളർച്ചക്കും വിദ്യാഭ്യാസത്തിനും വലിയ മട്ടിലുള്ള പിന്തുണ സർക്കാർ നൽകുന്നു. പൊതുവെ ജനസംഖ്യ കുറവുള്ള രാജ്യമാണ് ജർമനി. ഇന്ത്യക്കാരായ നമ്മൾ അംഗങ്ങൾ കുറയുന്നതിനെയാണല്ലോ കുടുംബക്ഷേമം സാമൂഹ്യക്ഷേമം എന്നൊക്കെ വിളിക്കുന്നത്. ജനങ്ങളുടെ കുറവ് മാനവവിഭവശേഷിയുടെ കുറവാണെന്ന് കണ്ടുപിടിച്ചത് ലോകത്ത് ഒരു ഘട്ടത്തിൽ ഉയർന്നുവന്ന സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളാണ്.
പഴയ ജിഡിആറിന്റെ (ജർമൻ ജനാധിപത്യ റിപ്പബ്ലിക്) സ്വാധീനം ആശയപരമായി പല തലങ്ങളിലും ഇന്നത്തെ ഏകീകൃത ജർമനി പിന്തുടരുന്നുണ്ട്. അതിലൊന്നാണ് ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും കിട്ടുന്ന സാമൂഹ്യപിന്തുണ.
പഴയ ജിഡിആറിന്റെ (ജർമൻ ജനാധിപത്യ റിപ്പബ്ലിക്) സ്വാധീനം ആശയപരമായി പല തലങ്ങളിലും ഇന്നത്തെ ഏകീകൃത ജർമനി പിന്തുടരുന്നുണ്ട്. അതിലൊന്നാണ് ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും കിട്ടുന്ന സാമൂഹ്യപിന്തുണ. ഗർഭകാലത്ത് മാത്രമല്ല; കുഞ്ഞുങ്ങൾ വളരുന്ന കാലത്തും ദമ്പതികൾക്ക് പ്രത്യേകമായ അവധികൾ ഉണ്ട്. സ്കൂളിലെത്തുന്ന കുഞ്ഞുങ്ങളെ നിരീക്ഷിച്ച് അവർക്ക് സ്വതന്ത്രമായും സുരക്ഷിതമായും വളരാനുള്ള സാഹചര്യങ്ങൾ വീടുകളിലുണ്ടോ എന്ന് അധികൃതർ പരിശോധിക്കും. കുട്ടികളെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയാൽ അധ്യാപകരായാലും മാതാപിതാക്കളായാലും നിയമനടപടികൾക്ക് വിധേയരാവേണ്ടി വരും.
ഏകദേശം അമ്പതു വർഷങ്ങൾക്കു മുമ്പ് സോഷ്യലിസ്റ്റ് ജർമനിയിൽനിന്നു വന്ന ഒരു മുത്തശ്ശിയെ അടുത്തുനിന്നു കണ്ട അനുഭവം എനിക്കുണ്ട്. പത്തോ (അതോ ഇരുപതോ) മക്കൾ അവർക്കുണ്ടെന്ന് അറിഞ്ഞിരുന്നു. പഠിച്ചിരുന്ന കാറളം ഹൈസ്കൂളിൽ വെച്ചാണത്. ഇരിഞ്ഞാലക്കുടയ്ക്കടുത്ത് കരുവന്നൂർ പുഴയുടെ തീരത്തുള്ള ഒരു ഉൾനാടൻ കർഷകഗ്രാമമാണ് കാറളം. എന്റെ അച്ഛൻ അവിടത്തെ സ്കൂളിൽ അധ്യാപകനായിരുന്നു. അതുകൊണ്ട് തെല്ലു ദൂരെയാണെങ്കിലും ഞാനും അവിടെ ചേർന്നു. നാട്ടിലെ കമ്യൂണിസ്റ്റ് പ്രവർത്തകരായ യുവാക്കൾ ചേർന്ന് ആരംഭിച്ച വിദ്യാലയമാണത്. നടത്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ടു വന്നപ്പോൾ അവരത് പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ഡോ. പി കെ ഗോപാലകൃഷ്ണന് കൈമാറി. അന്നദ്ദേഹം കേരള സർക്കാരിൽ ഒരു ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു.
ഡോ. ഗോപാലകൃഷ്ണന് ജർമനിയുമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹം ഗവേഷണം നടത്തിയത് അവിടെനിന്നാണ്. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം അവിടത്തെ യൂണിവേഴ്സിറ്റി പാഠപുസ്തകമാക്കിയപ്പോൾ കിട്ടിയ റോയൽറ്റി തുക കൊണ്ടാണത്രെ ഞങ്ങളുടെ സ്കൂൾ പുതുക്കിപ്പണിത് ഹൈസ്കൂളാക്കിയത്. യൂറോപ്പിലെ കമ്യൂണിസ്റ്റ് രാഷ്ടങ്ങളിൽനിന്നുള്ള പ്രതിനിധി സംഘങ്ങൾ ഇടക്കിടെ സ്കൂൾ സന്ദർശിക്കാറുണ്ട്. ആ രാജ്യങ്ങളിൽ നിന്നുള്ള ലബോറട്ടറി / സ്പോർട്സ് ഉപകരണങ്ങളും പുസ്തകങ്ങളും അവിടെ ഉണ്ടായിരുന്നു. സോവിറ്റ് യൂണിയനിൽനിന്നു കൊണ്ടുവന്ന പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തതും ഓർക്കുന്നു. ഇസ്കസിന്റെ (ഇൻഡോ സോവിയറ്റ് കൾച്ചറൽ സൊസൈറ്റി) ഒരു യൂണിറ്റ് അവിടെ പ്രവർത്തിച്ചിരുന്നു. കസാക്കിസ്ഥാനിൽനിന്നുള്ള നാടൻ കലാസംഘം വന്നതും ഓപറെയും ബാലെയും അവതരിപ്പിച്ചതും ഓർക്കുന്നു.
അന്നത്തെ കിഴക്കൻ ജർമനിയിൽനിന്നും അംബാസിഡറുടെ നേതൃത്വത്തിൽ വന്ന ഒരു പ്രതിനിധി സംഘത്തിലാണ് നേരത്തേ പരാമർശിച്ച മുത്തശ്ശി ഉണ്ടായിരുന്നത്. കൂടുതൽ മക്കളെ പ്രസവിച്ചതിന്റെ പേരിൽ രാജ്യം അവരെ വീരമാതാവ് എന്ന ബഹുമതി നൽകി ആദരിച്ചിരുന്നു. ഒരു പാവം വീട്ടമ്മ. ഭാഷയറിയാത്തതുകൊണ്ട് അവർ എല്ലാവരോടും ചിരിച്ചും കൈകൂപ്പിയും നിന്നു. ‘ഒള്ളതു മതി’ എന്നൊക്കെയുള്ള സിനിമയും മറ്റു പ്രചാരണങ്ങളും നടക്കുന്ന കാലമാണത്. ഞങ്ങൾ ആ മുത്തശ്ശിയെ അത്ഭുതത്തോടെയാണ് നോക്കിയത്.
എസ്സെനിൽ ഗ്രുഗാ പാർക്കിലാണല്ലോ നമ്മൾ. വളരെ പ്രധാനപ്പെട്ട ഒരു ബൊട്ടാണിക്കൽ ഗാർഡൻ ഇതിനകത്തുണ്ട്. ആഫ്രിക്കയിൽ നിന്നുള്ള സസ്യലതാദികളുടെ ഒരു പ്രത്യേക വിഭാഗം കണ്ടു. പ്രത്യേക പരിചരണം ആവശ്യമായ സസ്യങ്ങൾക്കായി ഒരു വലിയ ഗ്രീൻഹൗസ് ഉണ്ട്. അമേരിക്കൽ ഫോറസ്റ്റ് വാലി, ഹെർബ് ഗാർഡൻ, Mediterranean orangery, Rhododendron valley, Sensory garden ബൊൺസായ് ഗാർഡൻ എന്നിങ്ങനെ നിരവധി വിഭാഗങ്ങൾ. 1927 ലാണ് പാർക്കിന്റെ ആദ്യഭാഗം പ്രവർത്തനമാരംഭിച്ചതെന്ന് രേഖപ്പെടുത്തിയിരുന്നു.
എനിക്ക് പാർക്കിലേക്കുള്ള സീസൻ ടിക്കറ്റ് എടുത്തുതരാമെന്ന് രാജ പറഞ്ഞു. പക്ഷേ ഞാൻ സാധാരണയായി പാർക്കിനു പുറത്തുള്ള വഴികളിലൂടെ നടക്കാനാണ് ഇഷ്ടപ്പെട്ടത്. നടത്തം ഇഷ്ടപ്പെട്ട വിനോദമാണ്. കുട്ടിക്കാലത്ത് സ്കൂളിലേക്ക് നടന്നതുകൊണ്ടും യൗവ്വനത്തിൽ നിരവധി രാഷ്ട്രീയ പ്രചാരണ കാൽനട ജാഥകളിൽ പങ്കെടുത്തതുകൊണ്ടും നടത്തം ബുദ്ധിമുട്ടുള്ള കാര്യമല്ല. പണ്ടു കണ്ട, ജീവിച്ച വഴികളിലൂടെ വീണ്ടും നടക്കാനാണ് താൽപ്പര്യം. പര്യേപ്പാടവും വെള്ളാനിക്കുന്നും പുല്ലത്തറയും ചെമ്മണ്ടക്കായലും പിന്നിട്ട് സ്കൂളിലേക്കു നടന്ന വഴി. കിഴുത്താണി ആൽച്ചുവട്ടിൽ ബസ്സിറങ്ങി അമ്മ പഠിച്ച രാജർഷി സ്കൂൾ കണ്ട് വിസ്മയിച്ച് കോട്ടപ്പാടം കടന്ന് കുന്നിറങ്ങി കിഴക്കേ കല്ലട അമ്പലം കണ്ട് അമ്മമ്മയെ കാണാൻ പോയ വഴികൾ. അവിടെയൊക്കെ സഞ്ചരിച്ചിട്ട് കാലം ഏറെയായി.
ഗ്രുഗാ പാർക്കിന്റെ പരിസരം ഏതാണ്ടൊരു വനം തന്നെയാണ്. കൗതുകകരമായ സംഗതി എസ്സെനിൽ നഗരത്തിനരികിൽത്തന്നെ ഇടതൂർന്ന കാടുകൾ ഉണ്ടെന്നുള്ളതാണ്. റൈൻ, റൂർ നദികളുടെ ഇഷ്ടദാനമായിരിക്കാം ഈ പ്രകൃതി. ഇരുണ്ട അന്തരീക്ഷമാണ്. കാട്ടുമൃഗങ്ങളെ ഒന്നും കാണില്ല. പക്ഷികളുടെ കോലാഹലമുണ്ട്.
ഗ്രുഗാ പാർക്കിന്റെ പരിസരം ഏതാണ്ടൊരു വനം തന്നെയാണ്. കൗതുകകരമായ സംഗതി എസ്സെനിൽ നഗരത്തിനരികിൽത്തന്നെ ഇടതൂർന്ന കാടുകൾ ഉണ്ടെന്നുള്ളതാണ്. റൈൻ, റൂർ നദികളുടെ ഇഷ്ടദാനമായിരിക്കാം ഈ പ്രകൃതി. ഇരുണ്ട അന്തരീക്ഷമാണ്. കാട്ടുമൃഗങ്ങളെ ഒന്നും കാണില്ല. പക്ഷികളുടെ കോലാഹലമുണ്ട്. ജർമനിയിൽ വിഷപ്പാമ്പുകളില്ല എന്ന് നാദിയ തീർത്തു പറഞ്ഞിരുന്നു. അതുകൊണ്ട് പേടിക്കാതെ നടക്കാം.
പക്ഷേ അപകടകാരികളായ ഒരിനം ചിലന്തികൾ ഉണ്ടെന്നാണ് പറയുന്നത്. അത് ശരീരത്തിൽ കയറി വിഷക്കൊമ്പുകൾ താഴ്ത്തും. ഈ കൊമ്പുകൾ പുറത്തെടുക്കാനുള്ള ചെറിയ ഉപകരണം ഒട്ടുമിക്ക പേരുടേയും വാലറ്റുകളിൽ ഉണ്ടാകും. ഈ വിഷച്ചിലന്തികളെക്കുറിച്ചുള്ള ഓർമ കൊണ്ടാവണം കേരളത്തിലെത്തുന്ന യൂറോപ്യർ നമ്മുടെ എട്ടുകാലികളെ കാണുമ്പോൾ ഭയപ്പെടുന്നത്. നാദിയ നാട്ടിൽ വരുന്നതിനു മുമ്പായി വീടിനകത്ത് ഞങ്ങൾ ഒരു ചിലന്തിവേട്ട നടത്തിയിരുന്നു. എന്നിട്ടും ചിലത് ബാക്കി നിന്ന് അവളെ ഭയപ്പെടുത്തി. കോൾപ്പാടത്തിന്റെ കരയിലായതു കൊണ്ട് നാനാതരം ജീവിവർഗങ്ങളുടെ ആവാസകേന്ദ്രമാണ് ഞങ്ങളുടെ വീടും പറമ്പും.
മകൾ വലിയ ചിലന്തിയെ കണ്ടതും പേടിച്ചതും അക്കാര്യങ്ങൾ വീട്ടിൽവന്ന് വിശദീകരിച്ചതുമെല്ലാം നാദിയയുടെ അമ്മ എന്നെ പറഞ്ഞു കേൾപ്പിച്ചു. ജർമൻ ഭാഷയിലാണ് പറയുന്നത്. എന്നാലും മുഖത്തെ ഭാവഹാവാദികൾ കൊണ്ട് മനസ്സിലാക്കാൻ പ്രയാസമില്ല. ഉച്ചസന്ദർശനത്തിനെത്തുന്ന കീരികളെക്കുറിച്ചും, മുറ്റത്തെ മാവിന്റെ ചാഞ്ഞ കൊമ്പിലേക്ക് ഊർന്നിറങ്ങി വന്നു ചിലയ്ക്കുന്ന അണ്ണാൻകുഞ്ഞിനെക്കുറിച്ചും അവൾ തന്റെ അമ്മക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വസന്തകാലം കഴിഞ്ഞ് വേനൽ തുടങ്ങുന്ന സമയത്താണ് ഞാൻ ജർമനിയിൽ എത്തിയിരിക്കുന്നത്. നടക്കാൻ ഏറെ പ്രേരണ നൽകുന്ന കാലാവസ്ഥ. വേനലാണെങ്കിലും നമ്മൾ ഇന്ത്യക്കാർ പ്രത്യേകിച്ചും പുതുതായി എത്തുന്നവർ ഒരു കോട്ടോ സെറ്ററോ ധരിക്കേണ്ടി വരും. പ്രകൃതി അതിസമ്പന്നയായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു. ചെടികളും മരങ്ങളും ആർത്തുല്ലസിച്ചു പൂക്കുന്നു എന്നതാണല്ലോ യൂറോപ്യൻ വസന്തത്തിന്റെ സൗഭാഗ്യം. വൻമരങ്ങൾ മുതൽ ചെറിയ പുല്ലുകൾ വരെ പൂക്കും. തണുത്ത അന്തരീക്ഷമായതുകൊണ്ടാവണം എല്ലാ പൂക്കൾക്കും കടുത്ത നിറമാണ്. നടക്കുന്ന വഴിയരികിലെ ചെടികളെല്ലാം പൂത്തിരിക്കുകയാണ്. കുഞ്ഞു നക്ഷത്രങ്ങൾ പോലെയുള്ള പൂക്കൾ നീട്ടി നിൽക്കുന്ന പുൽനാമ്പുകൾ കൗതുകമുണ്ടാക്കുന്നുണ്ട് . (തുടരും)