തലശേരി> കേരള ഹോക്കി ടീം ക്യാപ്റ്റനായിരുന്ന എരഞ്ഞോളിപ്പാലം കൃഷ്ണയിൽ മഞ്ചേരിക്കണ്ടി ഭരതൻ (89) അന്തരിച്ചു. സംസ്കാരം ബുധൻ രാവിലെ എട്ടിന് കണ്ടിക്കൽ വാതക ശ്മശാനം. കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് റിട്ട. ഡെപ്യൂട്ടി കമീഷണറാണ്. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. നിരവധി ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പുകളിൽ കേരളത്തെ പ്രതിനിധീകരിച്ചു. രണ്ട് തവണ കേരളാ ടീമിനെ നയിച്ചിട്ടുണ്ട്.
കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസിൽ വോളിബോൾ, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, അത്ലറ്റിക്സ് ടീമുകളുടെ രൂപീകരണത്തിലും പ്രധാന പങ്കുവഹിച്ചു. കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസിലെ ആദ്യ സ്പോർട്സ് ഓഫീസർ കൂടിയാണ്. കണ്ണൂരിലെ പരേതരായ മഞ്ചേരിക്കണ്ടി കറുവന്റെയും മുള്ളൻകണ്ടി മൈഥിലിയുടെയും മകനാണ്.
ഭാര്യ: ഊർമിള (ന്യൂ ഫ്രോണ്ടിയേഴ്സ് വിമൻസ് ചാരിറ്റബിൾ സൊസൈറ്റി മുൻ പ്രസിഡന്റ്). മക്കൾ: സപ്ന (ബംഗളൂരു), സബീന (ദുബായ്). മരുമക്കൾ: ദീപക് (ബംഗളൂരു), സായ്റാം (ദുബായ്). സഹോദരങ്ങൾ: അരവിന്ദൻ, ഗീത, പരേതരായ ലക്ഷ്മണൻ, ഭാരതി, രവി.
സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.