കൊച്ചി> അമേരിക്കൻ ഓഹരി വിപണിക്ക് കാലിടറിയത് ഇന്ത്യൻ മാർക്കറ്റിനെയും സമ്മർദ്ദത്തിലാക്കി. റേറ്റിംഗ് ഏജൻസിയായ ഫിച്ച് അമേരിക്കയെ തരം താഴ്ത്തിയത് ഡൗ ജോൺസ് നാസ്ഡാക്ക് സൂചികകളെ മാത്രല്ല, ബോംബെ സെൻസെക്സിനെയും നിഫ്റ്റിയെും തളർത്തി.മാർച്ച് മുതൽ ബുളളിഷ് മൂഡിൽ നീങ്ങിയ നിഫ്റ്റിയെ പിന്നിട്ടവാരത്തിലെ തകർച്ച കനത്ത സമ്മർദ്ദത്തിലായി. സെൻസെക്സ് 439പോയിൻറ്റും നിഫ്റ്റി സൂചിക 129 പോയിൻറ്റും പ്രതിവാര നഷ്ടത്തിലാണ്.
നിഫ്റ്റിയിലും നിഫ്റ്റി ഫ്യൂചറിലും കരടികളുടെ സ്വാധീനം കണ്ടെങ്കിലും വൻ തകർച്ചയ്ക്കുള്ള സാധ്യത വിരളമാണ്. നിഫ്റ്റി ആഗസ്റ്റ് ഫ്യൂച്ചർ വാരാന്ത്യം 19,576 ലാണ്. തളർച്ചയ്ക്ക് ഇടയിൽ വിപണിയിലെ ഓപ്പൺ ഇൻറ്ററസ്റ്റ് 128.4 ലക്ഷം കരാറുകളിൽ നിന്ന് 133 ലക്ഷമായി വാരാന്ത്യം ഉയർന്നു. ഈ വർദ്ധന വിരൽ ചൂണ്ടുന്നത് കരടികളുടെ സ്വാധീനം ശക്തമല്ലെന്നതാണ്.
നിഫ്റ്റി റിയാലിറ്റി, നിഫ്റ്റി പി എസ് യു ബാങ്ക് സൂചികകൾ നാല് ശതമാനം ഇടിഞ്ഞു, നിഫ്റ്റി എഫ് എം സി ജി, ഐ ടി നിഫ്റ്റി ഫാർമ സൂചികൾ മികവിലാണ്. എസ് ബി ഐ യുടെ വില ഏഴ് ശതമാനം ഇടിഞ്ഞ് 573 രൂപയായി. ഐ സി ഐ സി ഐ ബാങ്ക്, ടാറ്റാ മോട്ടേഴ്സ്, ഐ റ്റി സി,മാരുതി, ടാറ്റാ സ്റ്റീൽ, എച്ച് യു എൽ, എൽആൻറ് റ്റി, ആർ ഐ എൽ, എയർടെൽ, എം ആൻറ് എം തുടങ്ങിയവയ്ക്കും തിരിച്ചടിയാണ്.
ബോംബെ സെൻസെക്സ് 66,160 പോയിൻറ്റിൽനിന്നും ഏകദേശം 600 പോയിൻറ് മികവിൽ 66,656 വരെ സഞ്ചരിച്ച വേളയിലാണ് അമേരിക്കയെ ബാധിച്ച പ്രതികൂല വാർത്ത പരന്നത്. ഇതോടെ ഉയർന്ന തലത്തിൽ നിന്നും സൂചിക 64,964 ലേയ്ക്ക് ഇടിഞ്ഞു. എന്നാൽ വാരാന്ത്യ ദിനത്തിലെ തിരിച്ച് വരവ് സെൻസെക്സിനെ 65,721പോയിൻറ്റിൽ എത്തിച്ചു. ഈ വാരം 66,596 ലാണ് ആദ്യ പ്രതിരോധം, ഇത് തകർക്കാനായില്ലെങ്കിൽ സെൻസെക്സ് 64,904 പോയിൻറ്റിലേയ്ക്ക് സാങ്കേതിക പരീക്ഷണത്തിന് മുതിരാം.
നിഫ്റ്റി 19,646 ൽ നിന്നും കരുതോടെയാണ് ഇടപാടുകൾ തുടങ്ങിയത്. മുൻ നിര ഓഹരികളിലെ വാങ്ങൽ താൽപര്യം നിഫ്റ്റിയെ 19,820 ലെ ആദ്യപ്രതിരോധ മേഖലയിലേയ്ക്ക് ഉയർത്തുമെന്ന് വരെ ഓപ്പറേറ്റർമാർ കണക്ക് കൂട്ടി. ഇതിനിടയിൽ ഉടലെടുത്ത വിൽപ്പന തരംഗത്തിൽ സൂചിക 19,791ൽ നിന്നും 19,390 താങ്ങും തകർത്ത് 19,295പോയിൻറ്റിലേയ്ക്ക് ഇടിഞ്ഞു. വിപണിയിലെ അപ്രതീക്ഷിത തകർച്ചയ്ക്ക് ഇടയിൽ ബ്ലൂചിപ്പ് ഓഹരികൾ സ്വന്തമാക്കാൻ വെളളിയാഴ്ച്ച ആഭ്യന്തര ഫണ്ടുകൾ രംഗത്ത് ഇറങ്ങിയതോടെ വ്യാപാരാന്ത്യം നിഫ്റ്റി 19,517ലേയ്ക്ക് കയറി.
ആഭ്യന്തര ഫണ്ടുകൾ മൊത്തം 5618 കോടി രുപയുടെ ഓഹരികൾ പോയവാരം വാങ്ങി കൂട്ടി.എല്ലാ ദിവസങ്ങളിലും വിൽപ്പനയ്ക്ക് മുൻ തൂക്കം നൽകി വിദേശ ഫണ്ടുകൾ 3545 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഇതിനിടയിൽ വിനിമയ വിപണിയിൽ രൂപയ്ക്ക് കനത്ത മൂല്യ തകർച്ചയും സംഭവിച്ചു. ഡോളറിന് മുന്നിൽ രൂപ 82.25 ൽ നിന്നും 82.84 ലേയ്ക്ക് ദുർബലമായി. ഒറ്റ ആഴ്ച്ചയിൽ രൂപയ്ക്ക് 59 പൈസയുടെ ഇടിവ്.ആർ ബി ഐ ഈവാരം വായ്പ്പാ അവലോകനത്തിന് ഒത്ത് ചേരും. ആഗോള തലത്തിലെ ചലനങ്ങളും, അമേരിക്കയിലെ പണപ്പെരുപ്പവും ഇന്ത്യയെ സ്വാധീനിക്കുന്ന ഘടകമായതിനാൽ റിസർവ് ബാങ്ക് യോഗത്തെ വിപണി ആകാംക്ഷയോടെ ഉറ്റ് നോക്കുന്നു.
ഫെബ്രുവരി മുതൽ റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരുകയാണ്. അതേ സമയം മെയിൽ 4.25 ശതമാനമായിരുന്നു റീട്ടെയിൽ പണപ്പെരുപ്പം ഭക്ഷ്യപച്ചക്കറി വിലയിലെ മുന്നേറ്റം മൂലം ജൂണിൽ 4.81 ശതമാനമായി.സൗദി സെപ്റ്റംബർ മുതൽ ക്രൂഡ് ഓയിൽ
ഉൽപാദനത്തിൽ പ്രതിദിനം ഒരു ദശലക്ഷം ബാരൽകുറവ് വരുത്തും. അനുകൂല വാർത്തയിൽ തുടർച്ചയായ ആറാം വാരവും എണ്ണ വില
ഉയർന്നു.
റഷ്യ കയറ്റുമതി മൂന്ന് ലക്ഷം ബാരൽ കുറയ്ക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വാരാന്ത്യം എണ്ണ വില ബാരലിന് 82.82 ഡോളറാണ്. സ്വർണ വില ട്രോയ് ഔൺസിന് 1959 ഡോളർറിൽ നിന്നും പെടുന്നനെ 1924 ഡോളറിലേയ്ക്ക് തളർന്ന ശേഷം വാരാന്ത്യക്ലോസിങിൽ 1942 ഡോളറിലാണ്.