ദുബായ്> ദുബായ് പൊലീസ് ഇനി മുതല്‍ മെഴ്സിഡസ് ബെന്‍സ് ഇക്യുഎസ് 580 യുമായി പട്രോളിംഗ് നടത്തും. മെഴ്സിഡസ് ബെന്‍സ് ഇക്യുഎസ് 580 കൂടി ഉള്‍പ്പെടുത്തിയതോടെ ദുബായ് പൊലീസിന്റെ പട്രോളിംഗ് കൂടുതല്‍ ശക്തമായി. പൊലീസ് സേനയുടെ പച്ച നിറത്തിലുള്ള ഇക്യുഎസ് 580 ദുബായ് പൊലീസ് ഓഫീസേഴ്സ് ക്ലബ്ബില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്സ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരിയാണ് ഔദ്യോഗികമായി പുറത്തിറക്കിയത്.
പുതിയ ഇലക്ട്രിക് വാഹനം പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സ്ഥാപിക്കും.പൊതുജനങ്ങള്‍ക്ക് വിപുലമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനും ദുബായ് പൊലീസിന്റെ കമ്മ്യൂണിറ്റി സംരംഭങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ഇത് ഉപകരിക്കും. 4.3 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന് ഇരട്ട എഞ്ചിന് ഉണ്ട്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 717 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും.
അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളും ഇന്ററാക്ടീവ് സ്ക്രീനുകളും ഉള്‍പ്പെടെ അത്യാധുനിക സാങ്കേതിക വിദ്യയും ഇതിലുണ്ട്.ആഡംബര പട്രോളിംഗ് വാഹനങ്ങളുടെ കൂട്ടത്തില്‍ സൂപ്പര്‍കാറുകള്‍ ചേര്‍ക്കുന്നതിലൂടെ, ബുര്‍ജ് ഖലീഫ, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാര്‍ഡ്, ജെബിആര്‍, തുടങ്ങിയ അവശ്യ വിനോദസഞ്ചാര കേന്ദ്രങ്ങളിലുടനീളം പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ സാന്നിധ്യം ദുബായ് പോലീസ് വര്‍ദ്ധിപ്പിക്കുന്നതായി അല്‍ മന്‍സൂരി പറഞ്ഞു.