കുവൈത്ത് സിറ്റി > കുവൈത്തിൽ കുടുംബ സന്ദർശക വിസ അനുവദിക്കുന്നത് പുതിയ നിബന്ധനകളോടെ ഉടൻ പുനരാരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. വർഷത്തിങ്ങളായി ഫാമിലി വിസകൾ താൽക്കാലികമായി കുവൈത്തിൽ നിർത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നിബന്ധനകൾ അധികൃതർ പുറത്തിറക്കിയിരിക്കുന്നത്. പുതിയ വ്യവസ്ഥകൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള തീരുമാനം ഈ വർഷം ഡിസംബറോടെ പുറപ്പെടുവിക്കുമെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു
സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നതും പുതിയ തീരുമാനത്തിൽ ഉൾപ്പെടുന്നു. സന്ദർശന കാലയളവ് ഒരു മാസത്തിൽ കവിയാൻ പാടില്ല, സന്ദർശക വിസ നൽകുന്നതിനുള്ള ഫീസ് മുൻകാലങ്ങളിൽ അപേക്ഷിച്ചതിൽ നിന്ന് 100 ശതമാനം വർധിച്ചേക്കും,അടുത്ത ബന്ധുക്കൾക്ക് മാത്രമേ വിസ അനുവദിക്കൂ, താമസക്കാരന്റെ സഹോദരനോ സഹോദരിക്കോ വിസ അനുവദിക്കില്ല, എന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.
സന്ദർശന കാലയളവ് അവസാനിച്ച ഉടൻ തന്നെ സന്ദർശകൻ രാജ്യം വിടുമെന്ന് അപേക്ഷകൻ സത്യവാങ് മൂലം സമർപ്പിക്കണം. കാലാവധി കഴിഞ്ഞിട്ടും സന്ദർശകൻ തിരിച്ചു പോയില്ലെങ്കിൽ അപേക്ഷ സമർപ്പിച്ചയാൾ നിയമപരവും സാമ്പത്തികപരവും ഭരണപരവുമായ ഉത്തരവാദിത്തങ്ങൾക്ക് ബാധ്യസ്ഥൻ ആയിരിക്കികയും ചെയ്യും. മാത്രവുമല്ല അപേക്ഷകന് സന്ദർശക വിസ നൽകുന്നതിൽ ആജീവാനന്തകാല വിലക്ക് ഏർപ്പെടുത്തുന്നതായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു
സന്ദർശന വിസ അനുവദിക്കുന്നതിനുള്ള പുതിയ ചട്ടങ്ങൾ ഏറെക്കുറെ തയ്യാറായിക്കഴിഞ്ഞതായും അന്തിമ അനുമതിക്കായി ആഭ്യന്തര മന്ത്രിക്ക് സമർപ്പിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.