ന്യൂഡൽഹി
യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ ബുൾഡോസർ രാഷ്ട്രീയം ഹരിയാനയിലും ആവർത്തിച്ച് ബിജെപി സർക്കാർ. കലാപമുണ്ടായ നൂഹിൽനിന്ന് 20 കിലോമീറ്റർ മാറി തൗരുവിൽ രോഹിൻഗ്യൻ അഭയാർഥികളുടെ 250 കുടിൽ വെള്ളിയാഴ്ച ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചുമാറ്റി. നാലുവർഷമായിഅഭയാർഥികൾ താമസിച്ചിരുന്ന കുടിലുകളാണ് തകർത്തത്. മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുടെ നിർദേശപ്രകാരമാണ് നടപടി.നൂഹിലെ കലാപത്തിനു പിന്നിൽ രോഹിൻഗ്യൻ അഭയാർഥികളാണെന്ന പ്രചാരണം സംഘപരിവാർ നടത്തുന്നുണ്ട്. അഭയാർഥികളിൽ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതിനിടെ സംഘപരിവാർ സംഘടനകൾ അഴിച്ചുവിട്ട കലാപത്തിൽ വൻകിട കോർപറേറ്റ് കമ്പനികളടക്കം പ്രതിസന്ധിയിലായി. മില്ലേനിയൽ സിറ്റി എന്നറിയപ്പെടുന്ന ഗുരുഗ്രാമിൽ ടെക്കികളായും മറ്റും ജോലിചെയ്യുന്ന ന്യൂനപക്ഷ വിഭാഗക്കാർ കൂട്ടമായി പലായനം ചെയ്യുകയാണ്. കോർപറേറ്റ് കേന്ദ്രത്തിലെ ബഹുരാഷ്ട്രസ്ഥാപനങ്ങളുടേതടക്കം നിരവധി ഓഫീസുകൾ പൂട്ടി. ഗുരുഗ്രാം സെക്ടർ 70 എയിലെ ചേരിപ്രദേശങ്ങളിൽ കഴിഞ്ഞിരുന്ന അയല്‍സംസ്ഥാന തൊഴിലാളികൾ കൂട്ടപലായനം നടത്തി. ഗുരുഗ്രാം സെക്ടർ 57ലെ പള്ളി കത്തിക്കുകയും ഇമാമിനെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും ന്യൂനപക്ഷ വിഭാഗക്കാരായ രണ്ടുപേർക്ക് മര്‍ദനമേറ്റു.
മരണം ഏഴായി
ഹരിയാനയിലെ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി ഉയർന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. കലാപവുമായി ബന്ധപ്പെട്ട് 102 കേസെടുത്തിട്ടുണ്ടെന്നും 202 പേർ അറസ്റ്റിലായതായും ആഭ്യന്തരമന്ത്രി അനിൽ വിജ് പറഞ്ഞു. നൂഹ് എസ്പി വരുൺ സിംഗ്ലയെ മാറ്റി പകരം നരേന്ദ്ര സിങ് ബിജാർനിയയെ നിയമിച്ചു.