തിരുവനന്തപുരം> യുവാവില്‍ നിന്നും പിടിച്ചുവാങ്ങിയ ഫോണ്‍ തിരികെ നല്കാന് കാലു പിടിക്കാനും കാലില്‍ ചുംബിക്കാനും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മിഷന് സ്വമേധയാ കേസെടുത്തു.യുവാവിനെ ഭീഷണിപ്പെടുത്തിയ ഗുണ്ട എയര്‍പോര്‍ട്ട് ഡാനി (ഡാനിയല്‍)ക്കെതിരെ തുമ്പ പൊലീസ് കേസെടുത്തിരുന്നു. ഭീഷണിപ്പെടുത്തല്‍, മര്‍ദിക്കല്‍ എന്നിവയ്ക്കാണ് കേസെടുത്തത്.
പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാനും 5 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കമ്മിഷന് ചെയര്മാന് ബി.എസ്.മാവോജി ഐഎഎസ് നിര്‍ദേശം നല്കി. ഇത് പ്രകാരമാണിപ്പോള്‍ കമ്മീഷന് കേസെടുത്തിരിക്കുന്നത്.
മൊബൈല്‍ ഫോണ്‍ വേണമെങ്കില്‍ കാലില്‍ പിടിക്കാന്‍ ഭീഷണിപ്പെടുത്തി. യുവാവ് കാലില്‍ പിടിച്ചപ്പോള്‍ വീണ്ടും കാലില്‍ പിടിക്കാന്‍ ഡാനി ആക്രോശിച്ചു. മൂന്നുതവണ യുവാവിനെക്കൊണ്ട് കാലു പിടിപ്പിച്ചു. പിന്നീട് കാലില്‍ ചുംബിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
യുവാവിനെ അനന്തപുരി ആശുപത്രിക്കു സമീപംവച്ച് ഡാനിയുടെ സംഘം മര്‍ദിച്ചിരുന്നു. കയ്യില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി. തുമ്പ കരിമണലില്‍ എത്തിയാല്‍ ഫോണ്‍ തിരിച്ചുതരാമെന്ന് ഡാനി പറഞ്ഞതനുസരിച്ച് ഇയാള്‍ എത്തിയപ്പോഴാണ് വീണ്ടും അതിക്രമം ആരംഭിച്ചത്