ന്യൂഡൽഹി
ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഉദ്യോഗസ്ഥ നിയമനങ്ങളിലടക്കം നിർണായക അധികാരങ്ങൾ നൽകിയ സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി (ഭേദഗതി) ബിൽ അവതരിപ്പിച്ചത്. സുപ്രീംകോടതി വിധി മറികടക്കാൻ മേയ് 19ന് കൊണ്ടുവന്ന ഓർഡിനൻസ് ബില്ലാക്കിയതോടെ മൂന്ന് ഭേദഗതിയും വരുത്തി. ബിൽ അനുസരിച്ച് മുഖ്യമന്ത്രി അധ്യക്ഷനായി രൂപീകരിക്കുന്ന നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസസ് അതോറിറ്റിയാകും (എൻസിസിഎസ്എ) നിയമനങ്ങൾ സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക. കേന്ദ്രം നിയമിക്കുന്ന ഡൽഹി ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ ആഭ്യന്തര സെക്രട്ടറി എന്നിവരാണ് മറ്റംഗങ്ങൾ. ഭൂരിപക്ഷ തീരുമാനം അനുസരിച്ച് തീരുമാനം കൈക്കൊള്ളും.
ബിൽ അനുസരിച്ച് ഡൽഹി സർക്കാരിന്റെ വിവിധ ബോർഡുകൾ, കമീഷൻ തുടങ്ങിയവയുടെ ചെയർമാൻ, അംഗങ്ങൾ എന്നിവരെ നിയമിക്കുന്ന നിർണായക അധികാരങ്ങൾ ലെഫ്. ഗവർണർക്കാണ്. അതോറിറ്റി ശുപാർശ അംഗീകരിച്ചാകും ഇത്. സംസ്ഥാന ബോർഡുകളും കേന്ദ്രത്തിന്റെ കൈപ്പിടിയിലാകും. ബിൽ കോടതി വിധി അട്ടിമറിക്കുന്നതും പാർലമെന്ററി ജനാധിപത്യത്തെ ഇല്ലാതാക്കുന്നതുമാണെന്ന് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ബില്ലിനെതിരെ പ്രമേയം അവതരിപ്പിക്കാൻ സിപിഐ എം അംഗം എ എം ആരിഫ് അനുമതി തേടിയെങ്കിലും സ്പീക്കർ നൽകിയില്ല. ബിജു ജനതാദൾ ബില്ലിൽ കേന്ദ്രത്തിന് അനുകൂലമായി വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ചു. വൈഎസ്ആർ കോൺഗ്രസും പിന്തുണച്ചേക്കും.