ന്യൂഡൽഹി
കലാപം മൂന്ന് മാസം പിന്നിടുമ്പോഴും മണിപ്പൂരില്‍ കലാപത്തീയൊടുങ്ങുന്നില്ല. ഇഫാൽ നഗരഹൃദയത്തിലെ കാനൻ വെങ് ഗ്രാമത്തിൽ കുക്കി വീടുകൾ തെരഞ്ഞുപിടിച്ച് അഗ്നിക്കിരയാക്കി. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് മെയ്ത്തീ സംഘം വീടുകൾക്ക് തീയിട്ടതെന്ന് കുക്കികൾ ആരോപിച്ചു.
താഴ്വരയിൽനിന്ന് കുക്കികൾ നേരത്തേ പലായനം ചെയ്തതിനാൽ ആളപായമില്ല. ഇംഫാലിനെ ജിരിബാമുമായി ബന്ധിപ്പിക്കുന്ന എൻഎച്ച്- 37-ൽ 14 മണ്ണുമാന്തി യന്ത്രങ്ങളും റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ട്രെയിലർ ട്രക്കും കഴിഞ്ഞദിവസം അക്രമികൾ കത്തിച്ചിരുന്നു.
ചുരാചന്ദ്പുർ, കാങ്പോപ്പി ജില്ലകളിലെ കുക്കി ഭൂരിപക്ഷ മേഖലകളിൽ 13ന് ആക്രമണം നടത്തുമെന്ന് മെയ്ത്തീ വനിത സംഘമായ മെയ്ര പെയ്ബികൾ പ്രഖ്യാപിച്ചു. ആക്രമണത്തെ പ്രതിരോധിക്കുമെന്ന് കുക്കികളും വ്യക്തമാക്കി. അതിനിടെ, താഴ്വര വിട്ടോടിയ കുക്കികൾക്കായി അസം റൈഫിൾസ് പല മേഖലയിലും അവശ്യസാധനങ്ങൾ എത്തിക്കുന്നത് തുടരുകയാണ്.