ന്യൂഡൽഹി
രാജ്യത്തിന്റെ മാനം കെടുത്തിയ മണിപ്പുർ വംശീയ കലാപത്തിന്റെ പശ്ചാത്തലത്തിൽ മോദി സർക്കാരിനെതിരായി നൽകിയ അവിശ്വാസ പ്രമേയം എട്ടിന് ലോക്സഭ പരിഗണിക്കും. എട്ട്, ഒമ്പത് തീയതികളിലെ ചർച്ചയ്ക്കുശേഷം 10ന് പ്രമേയം വോട്ടിനിടാൻ കാര്യോപദേശകസമിതി യോഗത്തിൽ ധാരണയായി. അവിശ്വാസപ്രമേയത്തിനു നോട്ടീസ് ലഭിച്ചശേഷവും നിയമനിർമാണങ്ങളുമായി സർക്കാർ മുന്നോട്ടുപോകുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം കാര്യോപദേശക സമിതിയോഗം ബഹിഷ്കരിച്ചു.
കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമായ സർക്കാർ നിലപാട് അധാർമികമാണെന്ന് സിപിഐ എം രാജ്യസഭ കക്ഷി നേതാവ് എളമരം കരീം പറഞ്ഞു. അവിശ്വാസപ്രമേയത്തിന് അനുമതി നൽകിയശേഷം സർക്കാർ 13 ബില്ലാണ് ലോക്സഭയുടെ പരിഗണനയിൽ കൊണ്ടുവന്നത്. ഈ ബില്ലുകളുടെ ഭരണഘടന സാധുത സംശയകരമാണെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി പറഞ്ഞു.
മണിപ്പുർ വിഷയത്തിൽ സഭയില്‍ പ്രസ്താവന നടത്താതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒളിച്ചുകളി തുടർന്ന സാഹചര്യത്തിൽ പ്രതിപക്ഷ കൂട്ടായ്മ “ഇന്ത്യ’യുടെ ധാരണപ്രകാരമാണ് കോൺഗ്രസ് കക്ഷി ഉപനേതാവ് ഗൗരവ് ഗോഗോയ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.