അഡ്ലെയ്ഡ്
ലോറെൻ ജയിംസിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം ഇംഗ്ലണ്ടിനെ വനിതാ ഫുട്ബോൾ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് ആധികാരികമായി നയിച്ചു. ഗ്രൂപ്പ് ഡിയിൽ ചൈനയെ 6–-1ന് തകർത്ത് ഒന്നാംസ്ഥാനക്കാരായാണ് മുന്നേറ്റം. മറ്റൊരു കളിയിൽ ഹെയ്തിയെ 2–-0ന് മറികടന്ന് ഡെൻമാർക്കും നോക്കൗട്ടിലെത്തി. ചൈനയും ഹെയ്തിയും പുറത്തായി.
അവസാനകളിയിൽ ഡെൻമാർക്കിനെതിരെ ഇരട്ടഗോൾ നേടിയ ലോറെൻ ചൈനയ്ക്കെതിരെയും തിളങ്ങി. രണ്ട് ഗോളിനൊപ്പം രണ്ടെണ്ണത്തിന് അവസരവുമൊരുക്കി.
അലെസിയ റൂസോയുടെ ഗോളിന് അവസരമൊരുക്കിയാണ് തുടങ്ങിയത്. ലോറെൻ ഹെംപോയുടെ വകയായിരുന്നു രണ്ടാമത്തേത്. ആദ്യപകുതി അവസാനിക്കുന്നത് തൊട്ടുമുമ്പ് മനോഹര ഗോളിലൂടെ ലോറെൻ ഇംഗ്ലണ്ടിന്റെ നേട്ടം മൂന്നാക്കി. രണ്ടാംപകുതിയുടെ തുടക്കത്തിൽ ഷുവാങ് വാങ് പെനൽറ്റിയിലൂടെ ചൈനയ്ക്കായി ഒരെണ്ണം തിരിച്ചടിച്ചു. പക്ഷെ, ഇംഗ്ലണ്ട് നിർത്തിയില്ല. ലോറെന്റെ രണ്ടാംഗോളിലൂടെ ഇംഗ്ലണ്ട് ലീഡുയർത്തി. ക്ലോയി കെല്ലി, റേച്ചൽ ഡാലി എന്നിവർ ചേർന്ന് ജയം പൂർത്തിയാക്കി.
ക്യാപ്റ്റൻ പെർണില്ലെ ഹാർഡെറുടെ പെനൽറ്റി ഗോളിലാണ് ഹെയ്തിക്കെതിരെ ഡെൻമാർക്ക് ലീഡ് നേടിയത്. അവസാന നിമിഷം സാന്നെ ട്രോയിൽസ്ഗാർഡ് ജയമുറപ്പാക്കി. 1995നുശേഷം ആദ്യമായാണ് ഡെൻമാർക്ക് പ്രീ ക്വാർട്ടറിൽ കടക്കുന്നത്.