കൊല്ലം
കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജൻ വന്ദനാദാസിനെ ഓടനാവട്ടം ചെറുകരക്കോണം കുടവട്ടൂർ ശ്രീനിലയത്തിൽ ജി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത് ബോധപൂർവമെന്ന് കുറ്റപത്രം. സന്ദീപിന് മദ്യപാനത്തിലൂടെയുണ്ടാവുന്ന വികലമായ മാനസികാവസ്ഥയും കുറ്റകൃത്യ വാസനയും ഉള്ളതായും 1050 പേജുള്ള കുറ്റപത്രത്തിലുണ്ട്. ഇതിന് ബലമേകുന്ന മെഡിക്കൽ റിപ്പോർട്ടും കൊട്ടാരക്കര ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസ് സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്.
കൊലപാതകം, കൊലപാതകശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇയാൾ പലതവണ ഗുരുതരമായി ദേഹോപദ്രവം ഏൽപ്പിച്ചിട്ടുണ്ടെന്ന ഭാര്യയുടെ മൊഴി കുറ്റകൃത്യ വാസന തെളിയിക്കുന്നതിന് പ്രധാന തെളിവാണ്. പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ പ്രതി കുത്തി പരിക്കേൽപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് നിർണായക തെളിവ്. സന്ദീപിന്റെ വസ്ത്രങ്ങളിൽ പുരണ്ട വന്ദനയുടെ രക്തക്കറ, കുത്താൻ ഉപയോഗിച്ച കത്രികയിലെ രക്തം, കത്രികയുടെ പിടിയിലെ സന്ദീപിന്റെ വിരലടയാളം തുടങ്ങിയവയുടെ ഫോറൻസിക് റിപ്പോർട്ടുകളും സമർപ്പിച്ചു. വന്ദനാദാസിനെ 17 തവണയാണ് കുത്തിയത്. നാലു കുത്തുകൾ നെഞ്ചത്തേറ്റു. ശ്വാസകോശത്തിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണം.
136 സാക്ഷികൾ
പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ തുടങ്ങി 15 ദൃക്സാക്ഷികൾ ഉൾപ്പടെ 136 സാക്ഷികളുണ്ട്. സംഭവസമയം വന്ദനയ്ക്ക് ഒപ്പമുണ്ടായിരുന്ന ഡോ. ഷിബിനാണ് ഒന്നാംസാക്ഷി. കൊലപാതകത്തിന് ഉപയോഗിച്ച കത്രിക, ധരിച്ചിരുന്ന വസ്ത്രം, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ 110 തൊണ്ടിമുതലുകളും ഫോറൻസിക്, മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെ 200 രേഖകളുമുണ്ട്.
സന്ദീപിനെ മദ്യാസക്തിയിൽനിന്ന് മോചിപ്പിക്കാൻ അഞ്ചു വർഷത്തിനിടെ രണ്ടിടത്ത് ചികിത്സിച്ചിരുന്നു. കൊല്ലത്തെ ചികിത്സ പൂർത്തിയാക്കിയില്ല. ചടയമംഗലത്തെ ചികിത്സാകേന്ദ്രത്തിൽനിന്ന് ജനൽച്ചില്ല് തകർത്ത് രക്ഷപ്പെട്ടെന്നും കുറ്റപത്രത്തിലുണ്ട്. കൊട്ടാരക്കര കോടതി കുറ്റപത്രം പരിശോധിച്ച് പിഴവുകളില്ലെന്ന് ഉറപ്പാക്കി കേസ് കൊല്ലം ജില്ലാ സെഷൻസ് കോടതിയിലേക്ക് കൈമാറും.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ അച്ഛനമ്മമാർ നൽകിയ ഹർജി ഹൈക്കോടതി 17ന് പരിഗണിക്കും. മൂന്നുമാസത്തിനകം കുറ്റപത്രം സമർപ്പിച്ചതിനാൽ ജാമ്യം ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കി കസ്റ്റഡിയിൽ വിചാരണ തുടങ്ങാനാകും. സന്ദീപ് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. 11 അംഗ പ്രത്യേകസംഘമാണ് കേസ് അന്വേഷിച്ചത്.
കൊലപാതകം മെയ് 10ന്
വ്യവസായിയായ കോട്ടയം മുട്ടുചിറ പട്ടാളംമുക്ക് നമ്പിച്ചിറകാലായിൽ കെ ജി മോഹൻദാസിന്റെയും തിരുവനന്തപുരം സ്വദേശിനി വസന്തകുമാരിയുടെയും (ബിന്ദു) മകളായ വന്ദന ദാസ് (25) മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർഥിയായിരുന്നു. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജനായി ജോലിചെയ്യുന്നതിനിടെ മെയ് 10ന് പുലർച്ചെ 4.30നാണ് സന്ദീപ് കുത്തിവീഴ്ത്തിയത്. ചികിത്സയ്ക്കായി പൊലീസാണ് സന്ദീപിനെ എത്തിച്ചത്. കൊട്ടാരക്കരയിലെയും പിന്നീട് തിരുവനന്തപുരത്തെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വന്ദന രാവിലെ 8.25ന് മരിച്ചു. എയ്ഡ്പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കൊട്ടാരക്കര സ്റ്റേഷനിലെ എഎസ്ഐ മണിലാൽ, പൂയപ്പള്ളി സ്റ്റേഷനിലെ ഹോംഗാർഡ് അലക്സ്കുട്ടി, പൊലീസ് ഉദ്യോഗസ്ഥൻ ബേബിമോഹൻ, സന്ദീപിന്റെ അയൽവാസിയും സിപിഐ എം ഓടനാവട്ടം ലോക്കൽ കമ്മിറ്റി അംഗവുമായ ബിനു, സന്ദീപിനൊപ്പമെത്തിയ ബന്ധു രാജേന്ദ്രൻപിള്ള, എന്നിവർക്ക് പരിക്കേറ്റു. കാഷ്വാലിറ്റി ഡ്രസിങ് റൂമിലെ സർജിക്കൽ കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം.