ന്യൂഡൽഹി
നാൽപ്പത് ജവാന്മാർ വീരമൃത്യു വരിച്ച പുൽവാമ ആക്രമണം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡൽഹിയിൽ നടന്ന കൺവൻഷൻ ആവശ്യപ്പെട്ടു. ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മലിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ‘ദേശീയ സുരക്ഷ, ആശങ്കയും ഉത്തരവാദിത്വവും’ ദേശീയ കൺവൻഷനാണ് ആവശ്യമുന്നയിച്ചത്. രാജ്യതാൽപ്പര്യം മുൻനിർത്തി ആക്രമണത്തിന്റെ ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം. സംയുക്ത പാർലമെന്ററി സമിതിയോ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷക സംഘമോ പുൽവാമ ആക്രമണത്തിൽ വീണ്ടും അന്വേഷണം നടത്തണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദ്വിഗ്വിജയ് സിങ്, ജോൺബ്രിട്ടാസ് എംപി എന്നിവർ പങ്കെടുത്തു.