കൊച്ചി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്ന പരാതി ഫുൾബെഞ്ചിന് വിട്ട ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിന് എതിരായ ഹർജി ഹൈക്കോടതി തള്ളി. ഉത്തരവ് ചോദ്യംചെയ്ത് കോൺഗ്രസ് നേതാവ് ആർ എസ് ശശികുമാർ നൽകിയ ഹർജിയിൽ ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്ന് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വി ജി അരുൺ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു.ദുരിതാശ്വാസനിധിയിൽനിന്ന് അനർഹർക്ക് സാമ്പത്തികസഹായം നൽകി എന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും 18 മന്ത്രിമാർക്കുമെതിരെയാണ് ഹർജി നൽകിയത്.
ദുരിതാശ്വാസനിധിയിൽനിന്ന് പണം അനുവദിച്ചത് മന്ത്രിസഭാ തീരുമാനപ്രകാരമാണ് എന്നതിനാൽ കേസ് നിലനിൽക്കുമോ എന്ന കാര്യത്തിൽ ലോകായുക്ത ഡിവിഷൻ ബെഞ്ചിൽ ഭിന്നാഭിപ്രായം ഉയർന്നു. ഇതോടെ ഹർജി തീർപ്പാക്കാൻ മൂന്നംഗ ഫുൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ഇതിനെതിരെയാണ് കേരള സർവകലാശാല സിൻഡിക്കറ്റിലെ മുൻ കോൺഗ്രസ് പ്രതിനിധിയായ ശശികുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിക്കുന്നതിലുള്ള തർക്കത്തിലാണ് ഫുൾബെഞ്ച് നേരത്തേ തീരുമാനം എടുത്തതെന്നും ഹർജിയുടെ നിലനിൽപ്പ് സംബന്ധിച്ചല്ലെന്നും സർക്കാരിനുവേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി എ ഷാജി വ്യക്തമാക്കി. ഇതു പരിഗണിച്ചാണ് കോടതി ഹർജി തള്ളിയത്.
എൻസിപി നേതാവ് ഉഴവൂർ വിജയന്റെ മക്കളുടെ പഠനച്ചെലവ്, ചെങ്ങന്നൂർ എംഎൽഎയായിരുന്ന കെ കെ രാമചന്ദ്രൻനായരുടെ മകന് ജോലിയും സാമ്പത്തികസഹായവും നൽകിയത്, 2017ൽ അപകടത്തിൽ മരിച്ച പൊലീസ് ഓഫീസർ പ്രവീൺ കുമാറിന്റെ കുടുംബത്തിന് സഹായധനം എന്നിവ അനുവദിച്ചതിൽ അഴിമതിയുണ്ടെന്നാരോപിച്ചാണ് ശശികുമാർ ലോകായുക്തയെ സമീപിച്ചത്.