കൊച്ചി> മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്ന പരാതി ലോകായുക്ത ഫുൾബെഞ്ചിന് വിട്ട രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിന് എതിരായ ഹർജി ഹൈക്കോടതി തള്ളി. രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് ചോദ്യംചെയ്ത് തിരുവനന്തപുരം സ്വദേശി ആർ എസ് ശശികുമാർ നൽകിയ ഹർജിയിൽ ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്ന് വിലയിരുത്തിയാണ് തള്ളിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനർഹർക്ക് സാമ്പത്തികസഹായം നൽകി എന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും 18 മന്ത്രിമാർക്കുമെതിരെയാണ് ഹർജി നൽകിയത്. ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ശരിവച്ച് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വി ജി അരുൺ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.
ദുരിതാശ്വാസനിധിയിൽനിന്ന് പണം അനുവദിച്ചത് മന്ത്രിസഭാ തീരുമാനപ്രകാരമാണ് എന്നതിനാൽ കേസ് നിലനിൽക്കുമോ എന്ന കാര്യത്തിൽ ഡിവിഷൻ ബെഞ്ചിൽ ഭിന്നാഭിപ്രായം ഉയർന്നതോടെ മൂന്നംഗ ഫുൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടാണ് ലോകായുക്ത ഉത്തരവിട്ടത്. ഇതിനെതിരെ ശശികുമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒരിക്കൽ തർക്കം പരിശോധിച്ചു തീർപ്പാക്കിയശേഷം വീണ്ടും ഹർജി ഫുൾബെഞ്ചിന് വിട്ടത് നിയമപരമല്ലെന്നാണ് വാദം.
ഹർജി ഫയലിൽ സ്വീകരിക്കുന്നതിലുള്ള തർക്കത്തിലാണ് ഫുൾബെഞ്ച് നേരത്തേ തീരുമാനം എടുത്തതെന്നും ഹർജിയുടെ നിലനിൽപ്പ് സംബന്ധിച്ചല്ലെന്നും സർക്കാരിനുവേണ്ടി ഡിജിപി ടി എ ഷാജി വ്യക്തമാക്കി. ഇതു പരിഗണിച്ചാണ് കോടതി ഹർജി തള്ളിയത്. എൻസിപി നേതാവ് ഉഴവൂർ വിജയന്റെ മക്കളുടെ പഠനച്ചെലവും ചെങ്ങന്നൂർ എംഎൽഎ കെ കെ രാമചന്ദ്രൻനായരുടെ മകന് ജോലിയും സാമ്പത്തികസഹായവും നൽകിയതിലും 2017ൽ അപകടത്തിൽ മരിച്ച പൊലീസ് ഓഫീസർ പ്രവീൺ കുമാറിന്റെ കുടുംബത്തിന് സഹായധനം അനുവദിച്ചതിലും അഴിമതിയുണ്ടെന്നുകാണിച്ചാണ് ശശികുമാർ ലോകായുക്തയെ സമീപിച്ചത്. സഹായം അനുവദിച്ചത് മന്ത്രിസഭയുടെ തീരുമാനപ്രകാരമാണെന്നും അഴിമതിയില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പരാതിയിൽ വാദം കേട്ട ലോകായുക്ത 2022 മാർച്ച് 18ന് വിധി പറയാൻ മാറ്റി. ശേഷം 2023 മാർച്ച് 31ന് ഹർജി ഫുൾബെഞ്ചിന് വിട്ട് ഉത്തരവിടുകയായിരുന്നു.