ന്യൂഡൽഹി
കലാപം തുടരുന്ന മണിപ്പുരിൽ ഭരണഘടനാ സംവിധാനങ്ങൾ സമ്പൂർണ പരാജയമെന്ന് തുറന്നടിച്ച് സുപ്രീംകോടതി. ‘‘ക്രമസമാധാനം മുഴുവനായും തകർന്നു. പൊലീസ് അന്വേഷണം പരിതാപകരം. അക്രമസംഭവങ്ങൾ നടന്ന് മൂന്നു മാസം പിന്നിട്ടിട്ടും ഫലപ്രദമായ നടപടിയില്ല. 6000ൽ അധികം കേസ് എടുത്തിട്ടും അറസ്റ്റ് ഒന്നോ രണ്ടോ കേസിൽ മാത്രം. നിർണായകമൊഴികൾ രേഖപ്പെടുത്തുന്നതിലും വലിയ കാലതാമസമുണ്ടായി’’–- ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാണിച്ചു. മണിപ്പുർ ഡിജിപി വെള്ളിയാഴ്ച പകൽ രണ്ടിന് നേരിട്ട് ഹാജരായി ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
മൊത്തം 6523 കേസ് രജിസ്റ്റർ ചെയ്തതായി മണിപ്പുർ സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത അറിയിച്ചു. 250 പേരെ അറസ്റ്റുചെയ്തു. സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച കേസിൽ ഏഴുപേരെ അറസ്റ്റുചെയ്തു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ എടുത്തത് 11 കേസ്. കേസുകൾ എടുക്കുന്നതിലെ കാലതാമസം ഗുരുതര വീഴ്ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കാറിൽനിന്ന് വലിച്ചിറക്കി അമ്മയെയും മകനെയും തല്ലിക്കൊന്ന സംഭവത്തിൽ കേസെടുക്കാൻ മൂന്നു ദിവസം വൈകിയത് പൊറുക്കാനാകാത്ത അപരാധമാണെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു.
‘‘മെയ് തുടക്കംമുതൽ ജൂലൈ അവസാനംവരെ മണിപ്പുരിൽ നിയമവാഴ്ച ഇല്ലായിരുന്നെന്ന തോന്നലാണ് കോടതിക്ക് ഉണ്ടായത്. കേസെടുക്കാൻ കഴിയാത്തവിധം ഭരണസംവിധാനങ്ങൾ താറുമാറായി. പൊലീസിന് നേരെചൊവ്വേ അന്വേഷണം നടത്താൻ ശേഷിയില്ലാതായി. സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ പൊലീസിന് പങ്കുള്ളതായി പരാതിയുണ്ട്. ഇരകളെ ആൾക്കൂട്ടത്തിന് കൈമാറിയ പൊലീസുകാരെ ചോദ്യംചെയ്തോ? ഡിജിപി എന്താണ് ചെയ്യുന്നത്?ഒന്നുകിൽ പൊലീസിന് ചുമതലകൾ നിറവേറ്റാൻ ശേഷിയില്ല. അല്ലെങ്കിൽ അവർക്ക് അതിനുള്ള താൽപ്പര്യമില്ല’’–- ചീഫ്ജസ്റ്റിസ് തുറന്നടിച്ചു.
സുപ്രീംകോടതിയുടെ വിമർശനങ്ങൾ പൊതുസമൂഹത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നും നിലപാട് അൽപ്പം മയപ്പെടുത്തണമെന്നും സോളിസിറ്റർ ജനറൽ അഭ്യര്ഥിച്ചെങ്കിലും കോടതി ചെവിക്കൊണ്ടില്ല. അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സജീവ പരിഗണനയിൽ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. ഏഴിന് വാദംകേൾക്കൽ തുടരും.