ന്യൂഡൽഹി
ജനങ്ങൾക്കുമേൽ കടുത്ത ഭാരം അടിച്ചേൽപ്പിച്ച് കേന്ദ്ര സർക്കാർ. അസംസ്കൃത എണ്ണയുടെ അധിക പ്രത്യേക തീരുവ ടണ്ണിന് 1600 രൂപയിൽനിന്ന് 4250 രൂപയായി വർധിപ്പിച്ചു. ഡീസൽ ലിറ്ററിന് ഒരു രൂപ പ്രത്യേക അധിക തീരുവയും ചുമത്തി. രാജ്യത്ത് ഇന്ധനവില ക്രമാതീതമായി ഉയർന്നുനിൽക്കുമ്പോഴാണ് കേന്ദ്ര നടപടി. ഇതിനായി ജൂലൈ 31ന് പ്രത്യേക വിജ്ഞാപനം ഇറക്കി.
പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭത്തിൽനിന്ന് നിശ്ചിത വിഹിതം തീരുവയായി ഈടാക്കാനാണ് തീരുമാനമെന്ന് ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ അറിയിച്ചു. എണ്ണവില നിയന്ത്രിക്കുന്നതിൽ ഇടപെടില്ലെന്ന സർക്കാർ നയത്തിന് വിരുദ്ധമാണ് ഈ തീരുമാനം. രാജ്യാന്തര വിപണിയിലെ വിലയ്ക്ക് അനുസൃതമായി എണ്ണക്കമ്പനികൾക്ക് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കാമെന്നാണ് പ്രഖ്യാപിത സർക്കാർ നയം. എന്നാൽ, കമ്പനികളുടെ ലാഭം കൂടുമ്പോൾ എണ്ണവില കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനു പകരം ലാഭവിഹിതം സർക്കാർ കവർന്നെടുക്കുകയാണ്.
സ്വകാര്യകമ്പനികൾക്ക് വിപണിയിൽ ആധിപത്യം നൽകാനുള്ള സാഹചര്യം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സ്വകാര്യ എണ്ണവിപണന കമ്പനികളുടെ പമ്പുകളിൽ ഉപയോക്താക്കൾക്ക് വിലയിൽ കിഴിവ് നൽകാറുണ്ട്. ഇത്തരം കിഴിവ് നൽകാൻ പൊതുമേഖലാ കമ്പനികൾക്ക് നിർദേശം നൽകില്ലെന്ന് പെട്രോളിയംമന്ത്രി കഴിഞ്ഞദിവസം പാർലമെന്റിൽ മറുപടി നൽകി.