ന്യൂഡൽഹി
ഹരിയാനയിലെ നൂഹിലും സമീപപ്രദേശങ്ങളിലും സംഘപരിവാര്‍ സംഘടനകള്‍ വഴിമരുന്നിട്ട വർഗീയസംഘർഷം പടരുന്നു. ഡൽഹിക്ക് സമീപം ഗുരുഗ്രാമിൽ തിങ്കളാഴ്ച രാത്രി അക്രമികൾ പള്ളി കത്തിച്ചു. പള്ളി ഇമാം വെടിയേറ്റ് മരിച്ചു. രണ്ടു ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. മരിച്ചവരിൽ രണ്ട് ഹോംഗാർഡും ഉൾപ്പെടും. അക്രമസംഭവങ്ങളിൽ നിരവധി പൊലീസുകാരടക്കം നൂറിലേറെ പേർക്ക് പരിക്കുണ്ട്. മരണസംഖ്യ ഉയർന്നേക്കും.
നൂഹിലെ സംഘർഷം ഗുരുഗ്രാം, ഫരീദാബാദ്, പൽവൽ തുടങ്ങി സമീപജില്ലകളിലേക്കാണ് പടർന്നത്. ഡൽഹിയിൽനിന്ന് 45 കി.മീ മാത്രം മാറി ഗുഡ്ഗാവിലെ ബാദ്ഷാപ്പുരിൽ ചൊവ്വ പകൽ നാലിന് ഇരുനൂറോളം വരുന്ന അക്രമിസംഘം ആയുധങ്ങളുമായി ഇരച്ചുകയറി ആക്രമണം നടത്തി. ഒരു ഭക്ഷണശാലയ്ക്ക് തീയിട്ടു. ഇറച്ചിക്കടകൾ അടക്കം നിരവധി കടകമ്പോളങ്ങൾ തകർത്തു. പ്രകോപനപരമായ മുദ്രാവാക്യങ്ങളോടെ സംഘം മണിക്കൂറുകളോളം പൊലീസിനെയടക്കം വെല്ലുവിളിച്ച് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ഗുഡ്ഗാവ് സെക്ടർ 57ലെ അൻജുമാൻ ജുമാമസ്ജിദിനാണ് തിങ്കളാഴ്ച രാത്രി അക്രമികൾ തീയിട്ടത്. പള്ളിയിലേക്ക് അക്രമികൾ നടത്തിയ വെടിവയ്പിലാണ് ഇമാം കൊല്ലപ്പെട്ടത്. മറ്റൊരാൾക്കുകൂടി പരിക്കുണ്ട്. പട്ടൗഡി, സോന, മനേസർ തുടങ്ങിയ സമീപപ്രദേശങ്ങളിലും സംഘർഷസ്ഥിതി തുടരുകയാണ്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 44 കേസ് എടുത്തതായി ഹരിയാന പൊലീസ് അറിയിച്ചു. എഴുപതിലേറെ പേരെ അറസ്റ്റ് ചെയ്തു. നൂഹ് അടക്കം നാല് ജില്ലയിൽ ഇന്റർനെറ്റ് വിലക്കി. സംഘർഷമേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു.
സംഘപരിവാർ സംഘടനകളായ ബജ്റംഗദളും വിഎച്ച്പിയും സംഘടിപ്പിച്ച ബ്രജ്മണ്ഡൽ ജലാഭിഷേക് യാത്രയാണ് ഹരിയാനയിലെ നാല് ജില്ലയെ കലാപത്തിലേക്ക് തള്ളിവിട്ടത്. യാത്രയിൽ പങ്കെടുത്ത രണ്ടായിരത്തോളം പേർ ക്ഷേത്രത്തിൽ ബന്ദികളാക്കപ്പെട്ടുവെന്ന സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന കൂടുതൽ മേഖലകളിലേക്ക് കലാപം പടർത്തി.