മസ്ക്കറ്റ് > സ്പെയിനിൽ നടന്ന ആഗോള നൃത്തമത്സരത്തിൽ ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിക്ക് സ്വർണ്ണ മെഡൽ . ഇന്ത്യൻ സ്കൂൾ ദാർസയിറ്റിലെ(ഒമാൻ) വിദ്യാർത്ഥിനി 12 കാരിയായ അഭിനന്ദ രാജീവ് ആണ് ഈ അഭിമാന നേട്ടത്തിന് അർഹയായത്. ഒമാനിൽ ബിസിനസുകാരനായ രാജീവൻ പുത്തൻപുരയുടെ മകളാണ്.
ജൂലൈ 19 മുതൽ 22 വരെ സ്പെയിനിൽ നടന്ന മത്സരത്തിൽ 32 രാജ്യങ്ങളിൽ നിന്നുള്ള 1,200 മത്സരാർത്ഥികൾ പങ്കെടുത്തു. അന്താരാഷ്ട്ര വിധികർത്താക്കളെയും പ്രേക്ഷകരെയും വിസ്മയിപ്പിച്ചുകൊണ്ട് ഹിഫോപ്പ് വിഭാഗത്തിലാണ് അഭിനന്ദ തന്റെ അസാധാരണമായ കഴിവുകൾ പ്രദർശിപ്പിച്ച് ഈ അപൂർവ നേട്ടം കരസ്ഥമാക്കിയത്. ലോകമെമ്പാടുമുള്ള മത്സരാർത്ഥികളെ മറികടന്ന് ഒന്നാം സ്ഥാനം നേടിയ അഭിനന്ദയുടെ അർപ്പണബോധവും കഠിനാധ്വാനവും മത്സരത്തിലുടനീളം പ്രകടമായിരുന്നു.
സ്പെയിനിലെ ഈ ഉജ്ജ്വല വിജയത്തിന് മുൻപ്, അഭിനന്ദ നിരവധി വേദികളിൽ ഇതിനകം തന്റെ കഴിവ് പ്രകടിപ്പിച്ചിരുന്നു. ഖത്തറിൽ നടന്ന സെമി ഫൈനൽ റൗണ്ടിൽ സ്കോളർഷിപ്പോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് നൃത്തരംഗത്തെ തന്റെ പ്രതിഭയും വൈദഗ്ധ്യവും തെളിയിച്ചത്.
ഒമാനിലെ വിവിധ ഇന്ത്യൻ സംഘടനകൾ സംഘടിപ്പിച്ചിട്ടുള്ള നിരവധി പരിപാടികളിൽ അഭിനന്ദ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.