കുവൈത്ത് സിറ്റി > വൈദുത ലോഡ് സൂചികയിൽ ക്രമാനുഗതമായ ഉയർച്ച തുടരുന്നതിനിടെ ശരാശരി ജല ഉപയോഗവും കുതിച്ചുയരുന്നു . കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രാജ്യത്തെ ജല ഉപഭോഗ നിരക്ക് ഏകദേശം 19 ദശലക്ഷം ഗാലൻ വരെ ഉൽപാദന നിരക്കിനേക്കാൾ കൂടുതലാണ്. ഉയർന്ന താപനിലയാണ് ജല ഉപഭോഗത്തിന്റെ ഉയർന്ന നിരക്കിന് കാരണം.
നിലവിൽ 3,793 മില്യൺ ഇംപീരിയൽ ഗാലൻ ആയ സ്ട്രാറ്റജിക് റിസർവ് വഴിയാണ് മന്ത്രാലയം ക്ഷാമം നികത്തുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉപഭോഗ നിരക്ക് 518 ദശലക്ഷം ഗാലൻ എന്ന റെക്കോർഡിലെത്തി, ഉൽപാദന നിരക്ക് 499 ദശലക്ഷം ഗാലൻ ആയിരുന്നു.
ഈ ആഴ്ചയുടെ മധ്യത്തിൽ പരമാവധി താപനില രേഖപ്പെടുത്തുമെന്നും, താപനില 50 മുതൽ 52 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും ,ഓഗസ്റ്റ് അവസാനത്തോടെ ഉയർന്ന താപനില ക്രമേണ കുറയാൻ തുടങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി പറഞ്ഞു .