കുവൈത്ത് സിറ്റി> കുവൈത്തിൽ പരമ്പരാഗത രീതിയിലുള്ള ആരോഗ്യ ചികിത്സാ രീതികളും പാരമ്പര്യ വൈദ്യവും പരിശീലിക്കുന്നതിനുള്ള അനുമതി നൽകുവാൻ ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ലോകാരോഗ്യ സംഘടന അനുവദിച്ച പരമ്പരാഗത ചികിത്സാ ശാസ്ത്രം പ്രാക്ടീസ് ചെയ്യാൻ അനുമതിയുള്ള ഗൾഫ് രാജ്യങ്ങളുമായി ഏകോപനം നടത്തുവാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ രോഗികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മുൻകരുതൽ സ്വീകരിച്ചായിരിക്കും അനുമതി നൽകുക.
യൂറോപ്യൻ രാജ്യങ്ങളിലും ചൈന, മലേഷ്യ, അമേരിക്ക, കാനഡ എന്നിവിടങ്ങളിലും നിരവധി പരമ്പരാഗത വൈദ്യ ശാസ്ത്ര ബിരുദങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ചില ഗൾഫ് നാടുകളിൽ വിവിധ പരമ്പരാഗത ചികിത്സകൾക്കൊപ്പം ആയുർവേദ ചികിത്സക്കും പ്രത്യേക ക്ലിനിക്കുകൾക്കും ഔദ്യോഗികമായി അനുമതി നൽകിയിട്ടുണ്ട്. പുതിയ നിയമം നടപ്പിലായാൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം ആയുർവേദ ചികിത്സയെയും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.