ന്യൂഡൽഹി> മണിപ്പുർ വംശീയ കലാപത്തിൽ കേന്ദ്രത്തിന്റെ നിസ്സംഗ നിലപാടിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധിക്കവെ സങ്കുചിത അജൻഡയുമായി കേരളത്തിൽനിന്നുള്ള കോൺഗ്രസ് എംപി ബെന്നി ബഹനാൻ. ബിഹാർ സ്വദേശിനിയായ പെൺകുട്ടി ആലുവയിൽ കൊല്ലപ്പെട്ട സംഭവം സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ നോട്ടീസ് നൽകി.
മണിപ്പുർ കലാപത്തെ സാമാന്യവൽക്കരിക്കാനുള്ള ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ശ്രമത്തെ സഹായിക്കുന്ന നീക്കമായി ഇത് മാറുമെന്ന് വിമർശം ഉയർന്നു.മണിപ്പുർ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി സഭയിൽ ചർച്ച നടത്തണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കവെയാണ് കേരളത്തിലെ ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ കോൺഗ്രസ് അംഗം നോട്ടീസ് നൽകിയത്. കോൺഗ്രസ് അംഗങ്ങൾക്കിടയിൽത്തന്നെ ഇതേച്ചൊല്ലി ഭിന്നാഭിപ്രായമുണ്ടായി.