ന്യൂഡൽഹി> മണിപ്പുർ വിഷയത്തിലെ ചർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം. മണിപ്പുർ അക്രമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്നും ചർച്ച വേണമെന്നും പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ മഴക്കാല സമ്മേളനത്തിന്റെ തുടക്കംമുതൽ ആവശ്യപ്പെട്ടുവരികയാണ്. സഭാ നടപടികൾ നിർത്തിവച്ച് ചർച്ച വേണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഹ്രസ്വ ചർച്ചയാകാം എന്നാണ് സർക്കാർ നിലപാട്. സഭയെ അഭിസംബോധന ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ വിമുഖതയും വിമർശന വിധേയമായി.
തുടർന്ന് മുഖം രക്ഷിക്കാനും പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്ത്താനും ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും കേന്ദ്രം പ്രചാരണം നടത്തി. പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടതുപ്രകാരം മണിപ്പുർ വിഷയത്തിൽ ഹ്രസ്വ ചർച്ച സഭാധ്യക്ഷൻ അനുവദിച്ചെങ്കിലും ചർച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നാണ് പ്രചാരണം. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലുള്ള ചർച്ചയിൽനിന്ന് ഒഴിഞ്ഞുമാറാനും ആശയക്കുഴപ്പം സൃഷ്ടിച്ച് പ്രതിപക്ഷ ഐക്യനിരയിൽ വിള്ളലുണ്ടാക്കാനും ലക്ഷ്യമിട്ടാണിത്. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തുന്നതുവരെ പ്രതിപക്ഷ പ്രതിഷേധം തുടരുമെന്നും എളമരം പ്രസ്താവനയിൽ വ്യക്തമാക്കി.