ന്യൂഡൽഹി> രാജ്യാന്തര വിപണിയിൽ പാചകവാതക വില 35 ശതമാനം ഉയർന്നപ്പോൾ ഇന്ത്യയിൽ വർധന 70 ശതമാനം. മോദി സർക്കാർ ജനങ്ങളെ അന്യായമായി പിഴിയുകയാണെന്ന് രാജ്യസഭയിൽ പെട്രോളിയം മന്ത്രാലയം വി ശിവദാസന് നൽകിയ മറുപടി വ്യക്തമാക്കുന്നു.
2018-–-19ൽ രാജ്യത്ത് പാചകവാതക വില ഗാർഹിക സിലിണ്ടറിന് 653.5 രൂപയും വാണിജ്യ സിലിണ്ടറിന് 1176.5 രൂപയും ആയിരുന്നു. 2022–- 23ൽ ഇവ യഥാക്രമം 1103ഉം 2028 രൂപയുമായി. വർധന 70 ശതമാനം. 2018––19ൽ രാജ്യാന്തര പാചകവാതക വില ടണ്ണിന് 526 ഡോളറായിരുന്നു. ഇത് ഇപ്പോൾ 35 ശതമാനം വർധിച്ച് 711.5 ഡോളറായി.
രാജ്യാന്തര വിപണിയിൽ വൻതോതിൽ പാചകവാതക വില കുറഞ്ഞ വർഷങ്ങളിലും ഇന്ത്യയിൽ വില കൂടിക്കൊണ്ടിരുന്നു. രാജ്യാന്തരവിപണിയിൽ 2019––20ൽ പാചകവാതകവില 453.75 ഡോളറായി കുറഞ്ഞു. അതേവർഷം ഇന്ത്യയിൽ ഗാർഹിക സിലിണ്ടറിന്റെ വില 653 രൂപയിൽനിന്ന് 744 ആയി വർധിച്ചു. വാണിജ്യ സിലിണ്ടറിന് 1176 രൂപയിൽനിന്ന് 1285 രൂപയായി.