അബുദാബി> രണ്ട് സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരാൾ മരണപ്പെട്ട സാഹചര്യത്തിൽ ജയിലിലായ തൃശൂർ മാള പുത്തൻചിറ സ്വദേശി വി ജി ഗോപാലകൃഷ്ണൻ (76) 16 വർഷത്തെ ജയിൽവാസത്തിനൊടുവിൽ നാട്ടിലെത്തി.
ഗോപാലകൃഷ്ണൻ പഴയചിത്രം
മുസഫ വ്യവസായ മേഖലയിൽ പ്രവർത്തിച്ചിരുന്ന ന്യൂഇന്ത്യ ഓട്ടോ ഗാരേജ് കമ്പനിയിൽ ജീവനക്കാരനായിരുന്ന കൊച്ചി വൈപ്പിൻ സ്വദേശി ബാലകൃഷ്ണൻ ചന്ദ്രനും പുത്തൻചിറ സ്വദേശി ഗോപാലകൃഷ്ണനും ആന്ധ്രാ സ്വദേശി അനിൽ കുമാറും സുഹൃത്തുക്കളായിരുന്നു. മൂന്നു പേര് താമസിച്ചിരുന്നതും ഒരുമിച്ചായിരുന്നു. താമസസ്ഥലത്തു ബാലകൃഷ്ണനും അനിൽ കുമാറും തമ്മിലുണ്ടായ അടിപിടിയിൽ ബാലകൃഷ്ണൻ കൊല്ലപ്പെടുകയായിരുന്നു. ഈ കേസിലാണ് ഗോപാലകൃഷ്ണനും ജയിലിലായത്.
2007 ജൂണിലാണ് കേസിനു ആസ്പദമായ സംഭവം. താമസസ്ഥലത്ത് രണ്ടുപേർ തമ്മിലുണ്ടായ അടിപിടിയിലാണ് ബാലകൃഷ്ണൻ മരിച്ചതെന്നും തന്റെ അച്ഛൻ രണ്ടുപേരെയും പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ മരണം സംഭവിക്കുയായിരുന്നുവെന്നും ബാലകൃഷ്ണന്റെ മകൻ ബിനേഷ് പറയുന്നു.
ഗോപാലകൃഷ്ണന്റെ മോചനത്തിന് ബാലകൃഷ്ണന്റെ കുടുംബത്തിന് 75 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ യുഎഇ ദിർഹം ചോരപ്പണമായി നൽകണമെന്നാണ് കോടതി വിധിച്ചത്. എന്നാൽ ഇത്രയും വലിയ തുക നൽകാൻ ഗോപാലകൃഷ്ണന്റെ കുടുംബത്തിന് കഴിയുമായിരുന്നില്ല.
ചോരപ്പണം കുറക്കുന്നതിന് നിയമപോരാട്ടം തുടർന്നുവെങ്കിലും അവസാനം രണ്ടു ലക്ഷം ദിർഹം നൽകിയാണ് കേസ് ഒത്തുതീർപ്പാക്കിയത്.
ഗോപാലകൃഷ്ണന്റെ കുടുംബം 16 വര്ഷം നിയമപോരാട്ടം നടത്തിയെങ്കിലും മോചനം നീളുകയായിരുന്നു. കേസ് ഒത്തുതീർപ്പാക്കുന്നതിനു നാട്ടിലും യുഎഇയിലുമായി നിരവധി ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഫലം ഉണ്ടായില്ല.
അവസാനം അബുദാബിയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ലോക കേരള സഭ അംഗവും പ്രമുഖ നിയമ വിദഗ്ദ്ധനുമായ അഡ്വ. അൻസാരി സൈനുദ്ദീനാണ് മോചനം യാഥാർഥ്യമാക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തിയത്.ശക്തി തിയറ്റേഴ്സിന്റെയും കേരള സോഷ്യൽ സെന്ററിന്റെയും സജീവ പ്രവർത്തകനായ ടി. ടി. ഉബൈദുള്ളയായിരുന്നു ഗോപാലകൃഷ്ണന്റെ കുടുംബത്തിന് ആവശ്യമായ സഹായം നൽകിയത്.