ദുബായ് > അധ്യാപകർ ലോകത്ത് വിലമതിക്കാനാകാത്ത പങ്ക് വഹിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രിയും വിദ്യാഭ്യാസ, മാനവ വിഭവശേഷി കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. പോസിറ്റീവ് മാറ്റം കൈവരിക്കുന്നതിലും അക്കാദമിക് അറിവ് നൽകുന്നതിലും മാത്രമല്ല, വിവിധ വിദ്യാഭ്യാസ ഘട്ടങ്ങളിൽ വിദ്യാർത്ഥികളുടെ വിമർശനാത്മകവും ക്രിയാത്മകവുമായ ചിന്താശേഷിയുടെ വികസനത്തിലും, രൂപീകരണത്തിലും അധ്യാപകർ സഹായിക്കുന്നുണ്ടെന്ന് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
സലാമ ബിൻത് ഹംദാൻ അൽ നഹ്യാൻ ഫൗണ്ടേഷൻ ചെയർപേഴ്സൺ, എജ്യുക്കേഷൻ വൈസ് ചെയർപേഴ്സൺ ഷെയ്ഖ മറിയം ബിൻത് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ സാന്നിധ്യത്തിൽ വീഡിയോ കോൺഫറൻസിലൂടെ നടന്ന എജ്യുക്കേഷൻ ആൻഡ് ഹ്യൂമൻ റിസോഴ്സ് കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിക്കവെയാണ് ഷെയ്ഖ് അബ്ദുല്ലയുടെ വാക്കുകൾ.
ഫലപ്രദമായ വിദ്യാഭ്യാസ പ്രക്രിയ കെട്ടിപ്പടുക്കുന്നതിനും വിദ്യാഭ്യാസ മേഖലയിലെ ആഗോള സംഭവവികാസങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നതിനും അധ്യാപകരുടെ പങ്ക് ഊന്നിപ്പറയുന്ന നിരവധി വിഷയങ്ങൾ കൗൺസിൽ ചർച്ച ചെയ്തു,
അധ്യാപകർ ലോകത്ത് വിലമതിക്കാനാകാത്ത പങ്ക് വഹിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കൈവരിക്കുന്നതിനും വികസിപ്പിക്കുന്നതിനും പിന്നിലെ പ്രേരകശക്തിയും വരും തലമുറകളുടെ അടിസ്ഥാന നിർമ്മാതാക്കളും അവരാണെന്നും വിദ്യാഭ്യാസത്തിനും അവരുടെ വിവിധ വിദ്യാഭ്യാസ ഘട്ടങ്ങളിൽ യുവാക്കൾക്ക് ഉയർന്ന നിലവാരം പുലർത്തുന്നതിനും അധ്യാപകർ ശക്തമായ അടിത്തറയിടുന്നതായും ഷെയ്ഖ് അബ്ദുല്ല പറഞ്ഞു.
അധ്യാപകർ ഇന്നത്തെ മാത്രമല്ല ഭാവി തലമുറയുടെയും നിർമ്മാതാക്കളാണ്. ഭാവിയുടെ പ്രതീക്ഷകളായ കുട്ടികൾക്കും യുവാക്കൾക്കും പോസിറ്റീവും പ്രചോദനാത്മകവുമായ മാതൃകകൾ സംഭാവന ചെയ്യുന്നതിൽ അധ്യാപകർ പ്രധാന പങ്കു വഹിക്കുന്നു എന്ന് ഷെയ്ഖ മറിയം പറഞ്ഞു.