മസ്കറ്റ്> നിയമവിരുദ്ധമായി നടക്കുന്ന വ്യാപാരങ്ങള് തടയുന്നതിനായി കര്ശനമായ പുതിയ നിയമങ്ങളും ശിക്ഷാ നടപടികളും വിശദീകരിച്ചുകൊണ്ട് ഒമാന് മന്ത്രിതല തീരുമാനം 412/2023 പുറപ്പെടുവിച്ചു. ഒമാന് വ്യവസായ വാണിജ്യ മന്ത്രാലയവും മറ്റു വിവിധ സര്ക്കാര് ഏജന്സികളുമായി സഹകരിച്ചുകൊണ്ടാവും പുതിയ നിയമങ്ങള് നടപ്പില് വരുത്തുക. ഔദ്യോഗിക ഗസറ്റില് പ്രസിദ്ധീകരിച്ച് 90 ദിവസത്തിനുള്ളില് തീരുമാനം പ്രാബല്യത്തില് വരും.
‘നിഴല് സമ്പത് വ്യവസ്ഥ’ എന്നറിയപ്പെടുന്ന ഇത്തരം നിയമവിരുദ്ധ വ്യാപാരങ്ങള് പ്രാദേശിക വിപണികളെയും ദേശീയ സമ്പത് വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നു. രാജ്യത്തു നിയമപരമായി നിലനില്ക്കുന്ന വ്യാപാര അന്തരീക്ഷത്തെ മറികടന്നുകൊണ്ട് വാണിജ്യ തട്ടിപ്പുകള്ക്കും നികുതി വെട്ടിപ്പുകള്ക്കും ഇത്തരം സമാന്തര നിയമവിരുദ്ധ വ്യാപാരങ്ങള് കാരണമാകാറുണ്ട്.
ഒമാനില് ബാധകമായ നിയമങ്ങള്ക്കും രാജകീയ ഉത്തരവുകള്ക്കും കീഴില് വ്യക്തിഗതമായോ മൂന്നാം കക്ഷികളുമായി സഹകരിച്ചോ നടത്താവുന്ന ബിസിനസ്സ് പ്രവര്ത്തനങ്ങളെ പുതിയ നിയമം വ്യക്തമായി നിര്വചിക്കുന്നു. രഹസ്യ വ്യാപാരത്തില് ഏര്പ്പെടുന്ന സ്ഥാപനങ്ങളെ നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനുമായി മന്ത്രാലയം പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കും.
രാജ്യത്തു നടക്കുന്ന രഹസ്യ നിയമവിരുദ്ധ വ്യാപാരങ്ങളെപ്പറ്റി അറിവ് ലഭിക്കുന്നവര് ഇലക്ട്രോണിക് തെളിവുകള് ഉള്പ്പെടെ ലഭ്യമായ തെളിവുകള് സഹിതം മന്ത്രാലയത്തെ അറിയിക്കണമെന്ന് പുതിയ നിയമത്തില് ജനങ്ങളോട് നിര്ദ്ദേശിക്കുന്നുണ്ട്.
കുറ്റക്കാരെന്നു കണ്ടെത്തുന്നവര് ഇനിപ്പറയുന്ന ഒന്നോ അതിലധികമോ പിഴകള്ക്ക് ബാധ്യസ്ഥരാണ്: വാണിജ്യ രജിസ്ട്രിയില് നിന്ന് പ്രവര്ത്തനം റദ്ദാക്കല്; കുറ്റം ആവര്ത്തിച്ചാല് 5,000 റിയാല് അല്ലെങ്കില് 10,000 റിയാല് അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്തും. മൂന്ന് മാസത്തേക്ക് പ്രവര്ത്തനം താല്ക്കാലികമായി നിര്ത്തിവയ്ക്കുക; മൂന്നാം തവണയും കുറ്റം ആവര്ത്തിച്ചാല് 15,000 റിയാല് അഡ്മിനിസ്ട്രേറ്റീവ് പിഴയും ഒരു വര് ഷത്തേക്ക് ആ പ്രവര്ത്തനം പൂര്ണ്ണമായും നിരോധനവും.
ഒമാനില് ആകര്ഷകമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വിദേശ മൂലധന നിക്ഷേപ നിയമം പ്രാബല്യത്തില് വന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടികള് വരുന്നതെന്ന് ഒമാന് വാണിജ്യ വ്യവസായകാര്യ മന്ത്രാലയ അധികൃതര് അറിയിച്ചു.