ബാഗ്ദാദ് > ഇറാഖും കുവൈത്തും തമ്മിൽ തർക്കമുള്ള ഗൾഫിലെ സമുദ്രമേഖല ഉൾപ്പെടെയുള്ള അതിർത്തികൾ നിർണയിക്കുന്നതിൽ അന്തിമ കരാറിലെത്താൻ ശ്രമിക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുല്ല അൽ ജാബർ അൽ സബാഹ് ഇറാഖ് വിദേശകാര്യ മന്ത്രി ഫുആദ് ഹുസൈനുമായുള്ള കൂടികാഴ്ചയിൽ അറിയിച്ചു .
അതിർത്തി ചർച്ചകൾ വിവിധ സാങ്കേതിക സമിതികൾ വഴി തുടരുമെന്നും ഓഗസ്റ്റ് 14 ന് ബാഗ്ദാദിൽ ചർച്ചയുമായി ബന്ധപ്പെട്ട നിയമ സമിതിയുടെ യോഗം ചേരുമെന്നും അറിയിച്ചു. കുവൈത്തും ഇറാഖും തമ്മിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, പ്രത്യേകിച്ച് സമുദ്രാതിർത്തി നിർണയിക്കുന്നതിൽ സമ്പൂർണ്ണ സമവായം ഉണ്ടെന്ന് ഷെയ്ഖ് സലേം അബ്ദുല്ല അൽ ജാബർ അൽ സബാഹ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബസ്രയിലെ കുവൈത്ത് കോൺസുലേറ്റിൽ വാണിജ്യ ഓഫീസ് തുറക്കുമെന്നും പ്രാദേശിക സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനും മയക്കുമരുന്ന് ഒഴുക്കിനെ പ്രതിരോധിക്കാനും ലക്ഷ്യമിടുന്നതായും അദ്ദേഹം അറിയിച്ചു.
സദ്ദാം ഹുസൈന്റെ കീഴിലുള്ള ഇറാഖ് കുവൈറ്റ് ആക്രമിച്ച് മൂന്ന് വർഷത്തിന് ശേഷം 1993ൽ ഐക്യരാഷ്ട്രസഭയാണ് അയൽ സംസ്ഥാനങ്ങൾക്കിടയിൽ കര- സമുദ്ര അതിർത്തികൾ സ്ഥാപിച്ചത്. കുവൈത്തിന്റെ കര അതിർത്തി അംഗീകരിക്കാൻ ഇറാഖി ഉദ്യോഗസ്ഥർ നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെങ്കിലും സമുദ്രാതിർത്തി തർക്കവിഷയമായി തുടരുകയാണ്.
തങ്ങളുടെ ചർച്ചയിൽ “അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഊന്നൽ നൽകിയിരുന്നു”, വിവിധ സാങ്കേതിക സമിതികൾ വഴി അതിർത്തി ചർച്ചകൾ തുടരുമെന്ന് ഞായറാഴ്ച ബാഗ്ദാദിൽ കുവൈറ്റ് വിദേശകാര്യ മന്ത്രി സലേം അൽ-സബാഹുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇറാഖ് വിദേശകാര്യ മന്ത്രി ഫുആദ് ഹുസൈൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.