റിയാദ് > സമകാലീന ഇന്ത്യ ഏതു തരം ചരിത്ര സന്ധികളിലൂടെയാണ് കടന്നു പോകുന്നത് എന്നതിന്റെ നേർചിത്രവും ഉള്ളറിവും ചർച്ച ചെയ്യുന്ന വേദിയായി ജൂലൈ ലക്കം ‘ചില്ല’ എന്റെ വായന.
ഷഹീബ വി കെ. അവതരിപ്പിച്ച രേവതി ലോളിന്റെ ‘ദ അനാട്ടമി ഓഫ് ഹേറ്റ്’ എന്ന പുസ്തകത്തിൻ്റെ ശ്രീജിത് ദിവാകരൻ തയ്യാറാക്കിയ മലയാളം പരിഭാഷയായ ‘വെറുപ്പിന്റെ ശരീര ശാസ്ത്രം’ എന്ന പുസ്തകമാണ് ഇത്തരം ഒരു ചർച്ചകളിലേക്ക് ചില്ലയെ നയിച്ചത്. മതത്തിന്റെ പേരിൽ ഒരു സമൂഹത്തിനെതിരെ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ആക്രമണമായ 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് അക്രമികളുടെ വീക്ഷണ കോണിലൂടെ നോക്കിക്കാണുകയാണ് ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരി.
താൻ മുഖാമുഖം കണ്ട് സംസാരിച്ച അസംഖ്യം ആളുകളിൽ നിന്നും സുരേഷ്, ദുംഖാർ, പ്രണവ് എന്നീ മൂന്നു പേരുടെ കഥയാണ് ഈ പുസ്തകത്തിലൂടെ രേവതി ലോൾ അവതരിപ്പിക്കുന്നത്. വെറുപ്പിന്റെ ശരീരശാസ്ത്രം നമുക്കിടയിലെല്ലാം പതിയിരിക്കുന്നുണ്ട് എന്നും അവസരം ഒത്തു വരുമ്പോൾ അത് പല്ലിളിച്ച് പുറത്ത് ചാടുമെന്ന അനുഭവമാണ് ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നത് എന്നും വായനാനുഭവം പങ്ക് വെച്ച് കൊണ്ട് ഷഹീബ പറഞ്ഞു.
വിനോയ് തോമസിന്റെ മറ്റു രചനകളുടെ അത്ര നിലവാരം പുലർത്തുന്നതായി തോന്നിയില്ല ‘അടിയോർ മിശിഹ എന്ന നോവൽ’ എന്ന ചെറുകഥാ സമാഹാരത്തിലെ കഥകളെന്ന് ‘എന്റെ വായന’ക്ക് തുടക്കം കുറിച്ച വായനാനുഭവം പങ്ക് വെച്ച് കൊണ്ട് വിപിൻ പറഞ്ഞു.
സത്യാനന്തര കാലത്ത് കോർപ്പറേറ്റ് മാധ്യമങ്ങൾ തങ്ങളുടെ മുതലാളിമാർക്ക് ഹിതകരമായ വാർത്തകൾ മാത്രം പുറത്ത് വിടുകയും അല്ലാത്തവയെ തമസ്കരിക്കുകയും ചെയ്യുകയാണെന്ന് ടി. കെ.സന്തോഷ് കുമാറിന്റെ ‘പോസ്റ്റ് ട്രൂത്ത് ടെലിവിഷൻ’എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്ക് വെച്ച് കൊണ്ട് സതീഷ് കുമാർ വളവിൽ പറഞ്ഞു.
തുടർന്ന് നടന്ന ചർച്ചയിൽ പ്രഭാകരൻ ബേത്തൂർ, വിനയൻ സി. കെ., ജോമോൻ സ്റ്റീഫൻ, കുഞ്ചിസ് ശിഹാബ്, ബിനീഷ്, വിനോദ് കുമാർ മലയിൽ, സുരേഷ് ലാൽ തുടങ്ങിയവർ പങ്കെടുത്തു. നാസർ കാരകുന്ന് മോഡറേറ്റർ ആയിരുന്നു.