ന്യൂഡൽഹി
കേന്ദ്ര സർക്കാരിന്റെ “ഭരണനേട്ട’ അവകാശവാദങ്ങൾ പൊളളയാണെന്ന് ബോധ്യപ്പെടുത്തിയ വസ്തുതകള് പുറത്തുവിട്ടതോടെയാണ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് (ഐഐപിഎസ്) ഡയറക്ടർ കെ എസ് ജെയിംസിനെ സസ്പെൻഡ് ചെയ്തതെന്ന് ബോധ്യമാക്കുന്ന കൂടുതല് വിവരങ്ങള് പുറത്ത്.
വസ്തുതാന്വേഷണ സമിതി കണ്ടെത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന് നടപടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു. ശനിയാഴ്ച മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ഔദ്യോഗിക ലെറ്റർ പാഡിൽ അല്ല ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെറും വെള്ളക്കടലാസിൽ പുറത്തിറക്കിയ വിശദീകരണത്തില് തീയതിയോ അധികൃതരുടെ ഒപ്പോ ഇല്ല. ജെയിംസിനെതിരെ വസ്തുതാന്വേഷണ സമിതിക്ക് ലഭിച്ച 35 പരാതിയിൽ 11 എണ്ണത്തിലും പ്രഥമദൃഷ്ട്യാ ക്രമക്കേട് കണ്ടെത്തിയതായി ഈ കുറിപ്പിൽ പറയുന്നു. ചില നിയമനങ്ങൾ, സ്റ്റോക്ക് രജിസ്റ്ററുകൾ എന്നിവയിൽ വീഴ്ചയുണ്ടെന്നാണ് അവകാശവാദം. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഏത് കാലയളവിലാണ് പരാതികൾ ലഭിച്ചതെന്നോ പരാതിയിൽ പറഞ്ഞിരിക്കുന്ന സംഭവങ്ങൾ എപ്പോൾ നടന്നുവെന്നോ വ്യക്തമാക്കുന്നില്ല.
മെയ് എട്ടിന് രൂപീകരിച്ച വസ്തുതാന്വേഷണ സമിതിയുടെ അന്തിമ റിപ്പോർട്ടിന്റെ പകർപ്പ് ഇതുവരെ ഐഐപിഎസിന് ലഭിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സസ്പെൻഷൻ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് ഡയറക്ടറോട് സർക്കാർ മറുപടിയോ വിശദീകരണമോ ആവശ്യപ്പെട്ടിട്ടില്ല.വസ്തുതകള് വളച്ചൊടിക്കാന് തയാറാകാതിരുന്നതാണ് മലയാളിയായ കെ എസ് ജെയിംസിനെ കേന്ദ്രസര്ക്കാരിന്റെ കണ്ണിലെ കരടാക്കിയത്.
ഐഐപിഎസ് നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേ ഫലങ്ങൾ പ്രതികൂലമായതോടെ രാജിവയ്ക്കണമെന്ന് ജെയിംസിനോട് കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഇത് തള്ളി. സ്വച്ഛ് ഭാരത് മിഷൻ, ഉജ്വല യോജന പദ്ധതി എന്നിവയിലെ കേന്ദ്രസർക്കാർ അവകാശവാദങ്ങളും ഐഐപിഎസ് വിവിധ സർവേകളിലൂടെ പൊളിച്ചിരുന്നു.